കൊറോണ വ്യാപനത്തിനെതിരായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപം ക്യാംപെയിൻ ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിക്കായിരുന്നു. ലൈറ്റുകൾ അണച്ച് എല്ലാവരും ദീപം കൊളുത്തി, കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ നാം ഒറ്റക്കെട്ടാണെന്ന് അറിയിച്ച് പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഐക്യദീപത്തിന്റെ ഉദ്ദേശ്യമെന്നാണ് മോദി പറഞ്ഞത്. ഇതുപ്രകാരം പലരും വീടുകളിൽ ദീപാവലിയെന്നോണം വിളക്കുകൾ കത്തിച്ച് ആഘോഷിച്ചു.
അതിനിടയിൽ പലരും തെരുവുകളിൽ പന്തം കൊളുത്തി ‘ഗോ കൊറോണ, കൊറോണ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തി. ട്രോളുകളും കുറവല്ല.
പെട്രോൾ പമ്പിൽ കയറുമ്പോൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കരുത് എന്ന് പറയാറുണ്ട്. എന്നാൽ ചില പെട്രോൾ പമ്പുകൾക്ക് മുന്നിൽ ഇന്നലെ പലരും മെഴുകുതിരി കൊളുത്തിവച്ചിരിക്കുകയായിരുന്നു. അത്യന്തം അപകടകരമായൊരു കാഴ്ച.
ആളുകൾ കൂട്ടംകൂടരുതെന്ന് നിർദേശം നൽകിയ ഈ ലോക്ക്ഡൗൺകാലത്ത്, ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ളവർ ഐക്യദീപം തെളിയിച്ചത് തെരുവുകളിൽ കൂട്ടം കൂടിനിന്നാണ്. ദീപം തെളിയിക്കൽ മാത്രമല്ല, പടക്കം പൊട്ടിക്കലുമുണ്ടായിരുന്നു. ഇതിനിടയിൽ കൊറോണയെ തുരത്താൻ ചിലർ ‘ഗോ ബാക്ക് ഗോ ബാക്ക് ചൈനീസ് വൈറസ് ഗോ ബാക്ക്’ എന്ന് വിളിക്കുന്നതും കേൾക്കാം. വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ കെട്ടിടം തന്നെ കത്തിപ്പോയ കാഴ്ചകൾ വേറെയും.
എന്തായാലും സോഷ്യൽ മീഡിയ നിറയെ ഐക്യദീപത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടത്തുമ്പോൾ ഇത്തരം പല കാഴ്ചകളും ചിരിയും ഒപ്പം ആശങ്കയും ഉണർത്തുന്നതാണ്.