ഇസ്ലാമാബാദ്: പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്. പാക്കിസ്ഥാൻ പാർലമെന്റിലാണ് ഇമ്രാൻ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അതിർത്തിയിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കുമെന്ന് ഇമ്രാൻ പ്രഖ്യാപിച്ചത്.
അഭിനന്ദൻ വർധമാന്റെ കാര്യത്തിൽ യാതൊരു ഉപാധിക്കും തയാറല്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അഭിനന്ദൻ വർധമാനെ ജനീവ ഉടന്പടിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കണം. അഭിനന്ദനെ കസ്റ്റഡിയിൽ വയ്ക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉടന്പടികളുടെ ലംഘനമാണെന്നും എത്രയും വേഗം അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
അതേസമയം അഭിനന്ദിനെ വിട്ടയക്കാമെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയതോടെ ഇതിന്റെ ക്രെഡിറ്റിനായി സോഷ്യല്‍മീഡിയയില്‍ വാഗ്വാദം കൊഴുത്തു. സമാധാനം പുലര്‍ത്താനുളള അയല്‍രാജ്യത്തിന്റെ ശ്രമവും അഭിനന്ദനീയമായ നീക്കവുമാണ് ഇതിലൂടെ വ്യക്തമായതെന്ന് ചിലര്‍ വാദിച്ചപ്പോള്‍ മോദിയുടെ നയതന്ത്ര വിജയമാണ് ഇതെന്നാണ് എതിര്‍വാദം. അതേസമയം മോദി പാക്കിസ്ഥാനുമായി യാതൊരു വിധത്തിലും ചര്‍ച്ച നടത്താതെയും നയതന്ത്ര നീക്കത്തിന് ശ്രമം നടത്താതെയുമാണ് ഇമ്രാന് ഖാന് പൈലറ്റിനെ വിടാന്‍ തയ്യാറായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം മോദി സര്‍ക്കാരിന്റെ ശക്തിയാണ് ഇതിലൂടെ വെളിവായതെന്നാണ് മഹാരാഷ്ട്ര ബിജെപി ജനറല്‍ സെക്രട്ടറി അതുല്‍ ഭത്കാല്ക്കര് പറയുന്നത്. നേതൃത്വം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാതെ വന്നപ്പോള്‍ പാക്കിസ്ഥാന് കീഴടങ്ങാന്‍ നിര്‍ബന്ധിതരായെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുള്ള പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തീരുമാനത്തെ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി പ്രശംസിച്ചു. പാക് പ്രധാനമന്ത്രി ഇന്ന് കാണിച്ചത് യഥാർഥ രാജ്യതന്ത്രജ്ഞതയാണെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മുകശ്മീർ ജനത സങ്കൽപിക്കാൻ കഴിയാത്ത വിധത്തിലുള്ള സമ്മർദത്തിലാണ് ജീവിക്കുന്നത്. എത്ര കാലം ഈ സമ്മർദത്തെ സഹിക്കാൻ പറ്റുമെന്നും നിലവിലെ സംഘർഷ സാഹചര്യത്തിൽ ഇളവു വരുത്താനുള്ള നടപടികൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കണമെന്നും അവർ ട്വീറ്റ് ചെയ്തു.