പട്ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരുക്ക് ഭേദമാകാന്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. യൂട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ ധ്രുവ് റാഠിയടക്കമുള്ളവര്‍ മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ഒടുക്കം ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ട്വീറ്റ് ചെയ്യാന്‍ മോദി സമയം കണ്ടെത്തിയിരിക്കുന്നു. ശിഖര്‍ ധവാന്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചിരിക്കുന്നു. മരിച്ച കുട്ടികള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു’ എന്നായിരുന്നു ധ്രുവ് റാഠിയുടെ പോസ്റ്റ്.

‘പ്രിയപ്പെട്ട ധവാന്‍, പിച്ച് നിങ്ങളെ മിസ് ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് തിരികെ വരാനും രാജ്യത്തിന് കൂടുതല്‍ വിജയങ്ങള്‍ നേടി തരാനും കഴിയട്ടെ’ എന്നായിരുന്നു ധവാന് ആശംസ നേര്‍ന്നു കൊണ്ടുള്ള മോദിയുടെ ട്വീറ്റ്.

ബിഹാറില്‍ മസ്തിഷ്‌കജ്വരം വ്യാപിക്കുന്നത് വലിയ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. 128 കുട്ടികള്‍ക്കാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. അഞ്ഞൂറിലധികം കുട്ടികളാണ് രോഗബാധയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ചികിത്സതേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook