കട്ടപ്പന: വൈദ്യുതി മന്ത്രി എം.എം.മണിയെ പുകഴ്ത്തി കുടുംബശ്രീ പ്രവർത്തകർ ആലപിച്ച പാരഡി ഗാനത്തിന്റെ വരികൾ തെറ്റിയത് ഏറ്റെടുത്ത് സോഷ്യൽ മീഡിയ. വണ്ടൻമേട് 33 കെവി സബ് സ്‌റ്റേഷന്റെ ഉദ്ഘാടന വേദിയിൽ നടന്ന സംഭവമാണ് ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.
ഉദ്ഘാടനത്തിനായി വേദിയിലെത്തിയ മന്ത്രിയെ പുകഴ്ത്തി കുടുംബശ്രീ പ്രവർത്തകർ ഇങ്ങനെ പാടീ, ‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ…സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ…’കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ…’ എന്നു തുടങ്ങുന്ന ഗാനമാണ് പാരഡിയാക്കിയത്.
ഗാനത്തിന്റെ താളവും വരികളും സദസും ഏറ്റെടുത്തു. മന്ത്രിക്കും പാട്ട് ബോധിച്ചുവരുകയായിരുന്നു. അതിനിടയിലാണ് ഗായക സംഘത്തിലൊരാൾ യാഥാർത്യത്തിലേക്ക് പോയത്. പാരഡി വരികൾക്ക് പകരം യഥാർത്ഥ വരികൾ നാവിൽ കടന്നുകൂടിയതോടെ പണി ചെറുതായിട്ട് പാളി.
എന്നാൽ ഒരുവിധത്തിൽ പാട്ട് പൂർത്തിയാക്കി മന്ത്രിയോട് ക്ഷമയും ചോദിച്ച ശേഷമാണ് ഗായകസംഘം വേദി വിട്ടത്. സംഭവം മന്ത്രിയും നന്നായി രസിച്ചു. ‘എനിക്ക് പാട്ടിന്റെ വരികൾ തെറ്റിപ്പോയി’ എന്നു പറഞ്ഞ് കൈകൾ കൂപ്പി വണങ്ങിയ ഗായികയോട് ചിരിച്ചു, കൈകൊണ്ട് ആംഗ്യഭാഷയിൽ പൊയ്‌ക്കൊള്ളാൻ മന്ത്രി കാണിച്ചതോടെ ഗായകർക്കും ആശ്വാസം.