സോഷ്യൽ മീഡിയയിൽ എവിടെയും ‘മിന്നൽ മുരളി’യാണ് സംസാരവിഷയം. ടൊവിനോ തോമസിനെ സൂപ്പർ ഹീറോയാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 24-ാം തീയതിയാണ് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ‘മിന്നൽ മുരളി’.
Read more: നിനക്ക് പ്രാന്താടാ; ടൊവിനോയുടെ വർക്കൗട്ട് കണ്ട് അന്തംവിട്ട് ചാക്കോച്ചൻ
ചിത്രത്തിൽ സംവിധായകൻ ഒളിപ്പിച്ചുവച്ച ബ്രില്ല്യൻസും മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുമൊക്കെയാണ് സോഷ്യൽ മീഡിയയിലെയും ട്രോളുകളിലെയും പ്രധാന ചർച്ചാവിഷയം. ഇപ്പോഴിതാ, ട്രോളന്മാരുടെ രസകരമായൊരു കണ്ടെത്തലാണ് ശ്രദ്ധിക്കപ്പെടുന്നത്. തൊണ്ണൂറുകളിൽ മിന്നൽ മുരളി ഇറങ്ങിയിരുന്നുവെങ്കിൽ ആരൊക്കെയാവും നായികാനായകന്മാരായി എത്തുക എന്നാണ് ഒരു ചർച്ച. മോഹൻലാലും ശോഭനയുമായിരുന്നേനെ മിന്നൽ മുരളിയും ബ്രൂസ്‌ലി ബിജിയുമാവാൻ യോജിച്ച രണ്ടുപേർ എന്നാണ് ട്രോളന്മാരുടെ ഭാവന.
അതേസമയം, മികച്ച പ്രേക്ഷകപിന്തുണ നേടി നെറ്റ്ഫ്ളിക്സിൽ വിജയകരമായി സ്ട്രീമിംഗ് തുടരുകയാണ് മിന്നൽ മുരളി. സമീപകാലത്ത് ഒരു ഇന്ത്യന്‍ റിലീസിനും നല്‍കാത്ത തരത്തിലുള്ള പ്രീ-റിലീസ് പബ്ലിസിറ്റി മിന്നൽ മുരളിയ്ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയിരുന്നു. റിലീസിനു മുന്‍പ് സൃഷ്‍ടിക്കപ്പെട്ട ഹൈപ്പ് കണ്ട് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ‘മിന്നൽ മുരളി’ നിരാശരാക്കിയില്ലെന്നതിന് തെളിവാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയും പ്രതികരണങ്ങളും.
Read more: മിന്നൽ മുരളിയ്ക്കിത്ര ഗ്ലാമർ വേണ്ട, മണ്ണിലിട്ടൊന്നുരുട്ടിയെടുത്തേക്ക്; സഹായികളോട് ബേസിൽ
ചിത്രത്തിന് തുടർഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചന നൽകിയാണ് സംവിധായകൻ ബേസിൽ ജോസഫ് ‘മിന്നൽ മുരളി’ അവസാനിപ്പിച്ചത്. രണ്ടാം ഭാഗമുണ്ടാവും എന്ന സൂചന തരുന്ന ഒരു വീഡിയോ ഇന്നലെ ടൊവിനോയും ഷെയർ ചെയ്തിരുന്നു. ‘പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി,’ എന്ന ക്യാപ്ഷനോടെ ഒരു വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക.
മിന്നൽ മുരളിയായി എത്തിയ ടൊവിനോ മാത്രമല്ല, ഷിബു എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരവും പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കഴിഞ്ഞു. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ഫെമിന ജോർജ് തുടങ്ങിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് മിന്നൽ മുരളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Read more: Minnal Murali Movie Review: പൊട്ടാതെ വലിച്ചു കെട്ടിയ ഒരു രസച്ചരട്; ‘മിന്നല്‍ മുരളി’ റിവ്യൂ