അമ്മയോടൊപ്പം നടന്ന് പോകവേ ട്രാക്കിലേക്ക് വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരന്റെ ദൃശ്യങ്ങൾ വൈറലായി. മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുട്ടി അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമിലൂടെ നടന്ന് വരുന്നതും, പ്ലാറ്റഫോമിലേക്ക് വീണു പോകുന്നതും റെയിൽവേ ജീവനക്കാരൻ കുട്ടിയെ രക്ഷിക്കുന്നതും റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും നിരവധി പേർ ജീവനക്കാരനെ അഭിനന്ദിച്ചു മുന്നോട്ട് വരികയും ചെയ്തു. ഇതിനു പുറകെയാണ് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലും ജീവനക്കാരന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
മുംബൈ വാങ്ങാനി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. അവിടെ റെയിൽവേമാനായി ജോലി ചെയ്യുന്ന മയൂർ ഷെൽകെയാണ് ദൈവത്തെ പോലെ വന്ന് കുട്ടിയെ ട്രാക്കിൽ നിന്നും വാരിയെടുത്ത് ജീവൻ രക്ഷിച്ചത്. ഷെൽകെയുടെ അതിസാഹസികമായ രക്ഷാപ്രവർത്തനം ഫേസ്ബുക്കിൽ പങ്കുവെച്ച് കേന്ദ്ര മന്ത്രി, ”താങ്കളെ കുറിച്ചു അഭിമാനം തോന്നുന്നു ഷെൽകെ എന്ന് കുറിച്ചു.”
താൻ ഷെൽകെ ആയി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചെന്നും റെയിൽവേ മന്ത്രി കുറിച്ചു. ‘ഇന്ത്യൻ റെയിൽവേ മുഴുവൻ താങ്കളെ കുറിച്ച് അഭിമാനം കൊള്ളുന്നു’ എന്ന് കുറിച്ച മന്ത്രി, ഷെൽകെയുടെ പ്രവർത്തിയെ ഒരു അവാർഡ് കൊണ്ടോ പണം കൊണ്ടോ താരതമ്യം ചെയ്യാൻ കഴിയുന്നതല്ല എന്നും പറഞ്ഞു. എന്നാലും തന്റെ പ്രവർത്തിയിലൂടെ മനുഷ്യത്വത്തിന് പ്രചോതനമായതിനു പാരിതോഷികം നൽകുമെന്നും മന്ത്രി വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
അമ്മയുടെ കൈ പിടിച്ചു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ നടന്ന് വരുന്ന കുട്ടി പതിയെ റെയിൽവേ ട്രാക്കിനു സമീപത്തേക്ക് നടക്കുകയും പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് വീഴുന്നതും, ഇത് കണ്ട് ട്രാക്കിലൂടെ ഓടി വന്ന് കുട്ടിയെ വാരിയെടുത്ത് ഷെൽകെ പ്ലാറ്റഫോമിലേക്ക് ചാടി കുട്ടിയെ അമ്മയെ ഏൽപ്പിക്കുന്നത് തൊട്ട് പുറകെ സൂപ്പർഫാസ്റ്റ് ട്രെയിൻ അതിവേഗത്തിൽ കടന്ന് പോകുന്നതുമാണ് ദൃശ്യങ്ങളിൽ.
ഇതിനോടകം നിരവധിപേർ വീഡിയോ പങ്കുവെക്കുകയും റെയിൽവേ ജീവനക്കാരനെ അഭിനന്ദിച്ചു മുന്നോട്ട് വരുകയും ചെയ്തിട്ടുണ്ട്. റെയിൽവേ ജീവനക്കാരനെ അഭിനന്ദിച്ച മന്ത്രിക്ക് നന്ദി പറഞ്ഞും നിരവധിപേർ മന്ത്രിയുടെ പോസ്റ്റിനു താഴെ എത്തുന്നുണ്ട്.