സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ ലൈഗികാതിക്രമത്തിനും അധിക്ഷേപത്തിനും ഇരയാവുന്നത് പുതിയ കാര്യമല്ല. പ്രത്യേകിച്ച് സിനിമാ മേഖലയില്‍ നിന്നുളള വനിതകളെ ലക്ഷ്യമിട്ട് പല തരത്തിലുളള ട്രോളുകളും അധിക്ഷേപങ്ങളും വരാറുണ്ട്. പലരും ഇതിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിട്ടും ഉണ്ട്.

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിന് പുതുതായി ഇരയായിരിക്കുന്നത് നടിയായ തപ്സി പന്നുവാണ്. എന്നാല്‍ തപ്സിയുടെ കിടിലന്‍ മറുപടി കേട്ട ട്വിറ്റര്‍ ഉപയോക്താക്കള്‍ ഡിക്ഷ്ണറി നോക്കാന്‍ പോയതാണ് അതിലും ശ്രദ്ധേയമായത്. അകു പാണ്ഡെ എന്ന് പേരുളള ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നാണ് തപ്സിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ട്വീറ്റ് വന്നത്. ‘എനിക്ക് നിങ്ങളുടെ ശരീരാവയവങ്ങള്‍ ഇഷ്ടമാണ്’ എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഉടന്‍ തന്നെ തപ്സിയുടെ മറുപടിയും വന്നു. ‘എനിക്കും അത് ഇഷ്ടമാണ്. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശരീരാവയവം ഏതാണ്? എനിക്ക് ഇഷ്ടം സെറിബ്രിയം ആണ്,’ എന്നായിരുന്നു തപ്സിയുടെ മറുപടി. തപ്സിയുടെ മറുപടി വന്നതോടെ പാണ്ഡെയുടെ ട്വിറ്റര്‍ അക്കൗണ്ട് ലക്ഷ്യമിട്ട് ആരാധകര്‍ വിമര്‍ശനവുമായി എത്തി. പലരും തപ്സിയുടെ മറുപടിയെ പുകഴ്ത്തി. എന്നാല്‍ അതിലും ശ്രദ്ധേയമായത് സെറിബ്രം എന്താണെന്ന് അറിയാത്തവര്‍ അത് തിരയാനായി ഗൂഗിളില്‍ പോയതാണ്.

തപ്സിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ ‘സെറിബ്രം’ എന്ന വാക്ക് ഗൂഗിള്‍ സെര്‍ച്ചില്‍ നിറഞ്ഞു. രാഹുല്‍ എന്നയാളാണ് ഇത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ഇന്നലെ രാത്രിയും ഇന്നും ഗൂഗിള്‍ ഇന്ത്യയില്‍ സെര്‍ച്ച് ചെയ്ത് ട്രെന്‍ഡിങ്ങ് ആയി മാറിയത് ‘സെറിബ്രം’ എന്ന വാക്കാണ്. മസ്തിഷ്കത്തിന്റെ ഒരു പ്രധാന ഭാഗമാണ് സെറിബ്രം (Cerebrum). സെറിബ്രൽ കോർട്ടക്സും ഹൈപ്പോതലാമസ്, ഒൾഫാക്ടറി ബൾബ് എന്നിവയും ചേർന്നതാണ് സെറിബ്രത്തിന്റെ ഘടന. മനുഷ്യമസ്തിഷ്കത്തിൽ, കേന്ദ്ര നാഡീവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള ഭാഗമാണ് സെറിബ്രം. സെറിബല്ലത്തിന്റെ സഹായത്തോടെ ശരീരത്തിലെ എല്ലാ ഐച്ഛിക ചലനങ്ങളെയും നിയന്ത്രിക്കുന്നത് സെറിബ്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook