/indian-express-malayalam/media/media_files/uploads/2023/06/kerala-police.jpg)
ബിർഷു പൊലീസ് സ്റ്റേഷനിൽ
ലോട്ടറിയടിച്ചാൽ നിങ്ങൾ എന്തു ചെയ്യും? ഈ ചോദ്യം ബംഗാൾ സ്വദേശി ബിർഷു റാബയോട് ചോദിച്ചാൽ, നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോവും എന്നായിരിക്കും ഉത്തരം. കാരണം എന്തുചെയ്യണമെന്നറിയാത്ത ആ ആശങ്കയ്ക്ക് ഉത്തരം തരാനും സുരക്ഷ ഉറപ്പാക്കാനും പൊലീസ് സഹായിക്കുമെന്നാണ് ബിർഷുവിന്റെ വിശ്വാസം. ഏതായാലും ബിർഷുവിന്റെ ആ വിശ്വാസം കാത്തിരിക്കുകയാണ് കേരള പൊലീസ്.
കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചെന്നറിഞ്ഞപ്പോൾ ബിർഷു ആദ്യമൊന്നു പരുങ്ങി. പിന്നെ ഓടിചെന്നത് തമ്പാനൂര്‍ പൊലീസ് സ്റ്റെഷനിലേക്ക്. കാര്യം മനസ്സിലാക്കിയ പൊലീസ് ഉടനെ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ച് വരുത്തി ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് കൈമാറി. അപ്രതീക്ഷിതമായി ലക്ഷപ്രഭുവായ ബിർഷു ബാബുവിന് ആവശ്യമായ സുരക്ഷയും പൊലീസ് വാഗ്ദാനം ചെയ്തു.
കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ഈ കഥ പുറം ലോകമറിഞ്ഞത്.
കേരള പൊലീസ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
ഒരു കോടിയുടെ ഭാഗ്യത്തിന് പോലീസ് കരുതൽ.
''സർ, മുജേ ബചാവോ.." എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് നൽകി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്.
ബമ്പറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിർഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം. ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് യാത്രയാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us