സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ലെന്നും ഉപ്പുതിന്നവർ വെള്ളം കുടിക്കണമെന്നും മിഥുൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Read More: സ്വർണ്ണക്കടത്ത്: തെറ്റ് ചെയ്തവർ ആരായാലും രക്ഷപ്പെടില്ലെന്ന് കോടിയേരി; സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല

“മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!”

സ്വർണക്കടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. “രാജ്യാന്തര ബന്ധമുള്ള കേസാണിത്. കോൺസുലേറ്റുമായി ബന്ധപ്പെട്ട വിഷയമാണ്. സിബിഐ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ കത്തയച്ചു,” രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“നാടിനെ നടുക്കിയ സംഭവമാണിത്. മുഖ്യമന്ത്രി ഭയപ്പാട് കൊണ്ടാണ് എം.ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. തന്നിലേക്കു വിരൽ ചൂണ്ടുമെന്ന് മനസിലായപ്പോഴാണ് സെക്രട്ടറിയെ മാറ്റാൻ മുഖ്യമന്ത്രി നിർബന്ധിതനായത്. കേസ് അന്വേഷണം സിബിഐയ്‌ക്ക് കെെമാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കേസുകൾ പുറത്തുവരാനുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തുന്നത് അവിടെയുള്ളവർ തന്നെയാണ്. ശിവശങ്കറിനെ മാറ്റണമെന്ന് രണ്ടര മാസമായി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്,” ചെന്നിത്തല പറഞ്ഞു.

നിലവിൽ, ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി, പകരം മിർ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയിട്ടുണ്ട്. ഐടി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കറിനോട് വിശദീകരണം പോലും തേടാതെയാണ് നടപടിയെടുത്തിരിക്കുന്നത്. എന്നാൽ, ഐടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ല. അദ്ദേഹം ദീർഘകാല അവധിയിൽ പ്രവേശിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook