തിരുവനന്തപുരം: കേരള പൊലീസിന്റെ നവമാധ്യമ ഇടപെടലുകളെ കുറിച്ച് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജനനങ്ങളുമായുളള ആശയവിനിമയത്തിന് നവമാധ്യമങ്ങളെ പൊലീസ് എങ്ങനെ ഉപയോഗപ്പെടുത്തുന്ന എന്നാണ് മൈക്രോസോഫ്റ്റ് പഠനവിഷയമാക്കുന്നത്. ഇന്ത്യയില്‍ നിന്നും ഇതിനായി കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങളാണ് കമ്പനി പഠനവിധേയമാക്കുന്നത്.
കേരള പൊലീസ് സോഷ്യല്‍മീഡിയയില്‍ നടത്തുന്ന ശ്രദ്ധേയമായ ഇടപെടലുകളാണ് മൈക്രോസോഫ്റ്റിനെ ആകര്‍ഷിച്ചത്. മൈക്രോസോഫ്റ്റ് ബാംഗ്ലൂര്‍ ഗവേഷണ കേന്ദ്രത്തിന്റെ കീഴിലാണ് പഠനം നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഗവേഷകയായ ദ്രുപ ഡിനി ചാള്‍സ് പൊലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ നോഡല്‍ ഓഫിസറായ ഐ.ജി മനോജ് എബ്രഹാമുമായും മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. പൊതുജന ബന്ധത്തിന് പുതുവഴി തുറന്ന കേരള പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ പിന്തള്ളിയത് വാര്‍ത്തയായിരുന്നു.

ഫെയ്സ്ബുക്കിലൂടെ ട്രോളുകളുടേയും രസകരമായ പോസ്റ്റുകളുടേയും സഹായത്തോടെ പൊലീസ് ജനങ്ങളുമായി ആശയവിനിമയം നടത്തുന്നത് ഈയടുത്ത് ചര്‍ച്ചയായി മാറിയിരുന്നു. നവമാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന്റെയും വിവിധ പ്ലാറ്റ്‌ഫോമിലൂടെ ആശയവിനിമയം വിപുലീകരിക്കുന്നതിന്റെയും ഭാഗമായാണ് പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തുടങ്ങിയത്. തുടര്‍ന്ന് ഫെയ്സ്ബുക്ക് പേജില്‍ ട്രോളുകളുടെയും വീഡിയോകളുടെയും രൂപത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook