മേക്കോവർ ലുക്കുകൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ടാറ്റൂ ആർട്ടിസ്റ്റ് ആദിയുടെ മേക്കോവർ ലുക്ക് ശ്രദ്ധ നേടിയത്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുകളായ ഇരട്ട സഹോദരങ്ങൾ സജിത്ത്- സുജിത്ത് എന്നിവരാണ് ആദി എന്ന ചുള്ളൻ പയ്യനെ സുന്ദരിയാക്കി മാറ്റിയത്. ഡ്രെസ് ഹാസ് നോ ജെൻഡർ എന്ന വാക്യങ്ങൾക്ക് കരുത്തേകുന്നതാണ് ഇത്തരത്തിലുള്ള മേക്കോവറുകൾ.
മറ്റൊരു മേക്കോവർ ലുക്കിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഡാൻസർ അമലിനു ചെയ്ത് മേക്കോവർ ലുക്കാണ് വൈറലാകുന്നത്.
പുരുഷന്മാർ സ്ത്രീ രൂപത്തിലെത്തി താലമെടുക്കുന്നതാണ് ക്ഷേത്രത്തിലെ ചടങ്ങ്. ആഗ്രഹ സാഫല്യത്തിനു വേണ്ടിയുള്ള നേർച്ചയാണിതെന്ന് അമൽ പറയുന്നു. കഴിഞ്ഞ വർഷവും അമൽ ചടങ്ങിനെത്തിയിരുന്നു. അന്നും അമലിന്റെ ലുക്ക് വൈറലായി. ഒരുപാട് ആളുകൾ തനിക്കൊപ്പം സെൽഫിയെടുക്കാനായി എത്തിയെന്നും അമൽ പറയുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ തനിക്ക് പ്രണയാഭ്യർത്ഥനകൾ വരാറുണ്ടെന്നും അമൽ പറഞ്ഞു. പട്ടുസാരിയും സ്വർണാഭരണങ്ങളുമൊക്കെ അണിഞ്ഞ് നിൽക്കുന്ന അമൽ ഒരു പെൺകുട്ടിയാണെന്നാണ് സോഷ്യൽ മീഡിയയിലൂടെ പലരും കരുതിയിരിക്കുന്നത്. ആറ്റിങ്ങലുള്ള ശ്രീചിത്തിര എന്ന ബ്യൂട്ടി പാർലറിലാണ് അമൽ മേക്കോവർ ലുക്ക് ചെയ്തത്. ട്രാൻസ്ഫോർമേഷൻ ലുക്കിലുള്ള അനവധി ചിത്രങ്ങൾ അമലിന്റെ പ്രൊഫൈലിലുണ്ട്.