Cricket World Cup 2019: ബാറ്റിങ് തകര്‍ച്ച മുന്നില്‍ കണ്ട ഇന്ത്യ വിജയത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി ട്വിറ്റര്‍ ലോകം. ഓപ്പണര്‍ ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ്‌ലിയും പുറത്തായതോടെ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ കെ.എല്‍.രാഹുലുമൊത്തും പിന്നീട് എം.എസ്.ധോണിയുമൊത്തും രോഹിത് പതിയെ റണ്‍സ് കെട്ടിപ്പടുക്കുകയായിരുന്നു.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും രോഹിത് ശര്‍മ്മയുടെ പോരാട്ടത്തില്‍ തിരിച്ചു വന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ആറു വിക്കറ്റുകള്‍ക്കാണ്. 128 പന്തുകളില്‍ നിന്നുമാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. 144 പന്തില്‍ 122 റണ്‍സാണ് രോഹിത് നേടിയത്.

താരത്തിന്റെ പ്രകടനത്തെ ക്രിക്കറ്റ് ലോകമാകെ പ്രശംസ കൊണ്ട് മൂടുകയാണ്. ‘ലോകകപ്പിലെ ആദ്യ മത്സരത്തിലെ സമ്മര്‍ദം പരിഗണിക്കുമ്പോള്‍ രോഹിത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്സാണിത്. രോഹിത് ക്ഷമയോടെ കളിച്ചു, ഏറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്. രോഹിത്തിനെ പോലൊരു താരത്തില്‍ നിന്ന് വലിയ ഉത്തരവാദിത്വവും പക്വതയും ഇതുപോലെ നമ്മള്‍ പ്രതീക്ഷിക്കുന്നു’. എന്നായിരുന്നു മത്സര ശേഷം നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞത്. ട്വിറ്ററിലും രോഹിത്തിന് അഭിനന്ദന പ്രവാഹമാണ്.

Also Read: Cricket World Cup 2019: ‘ബോധമുള്ളവര്‍ ക്രീസ് വിടുമോ?’; അതിവേഗ സ്റ്റമ്പിങ്ങിലൂടെ ധോണിയ്ക്ക് ചരിത്രനേട്ടം

മത്സരത്തിൽ ചരിത്ര നേട്ടവും രോഹിത് സ്വന്തമാക്കി. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിലാണ് രോഹിത് ദാദയെ മറി കടന്നത്. ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് 22 ശതകങ്ങള്‍ നേടിയപ്പോള്‍ രോഹിത് 207 ഏകദിനങ്ങളില്‍ 23-ാം സെഞ്ചുറിയിലെത്തി. ഇതോടെ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (49), വിരാട് കോഹ്‌ലി (41) എന്നിവരാണ് ഇപ്പോള്‍ രോഹിത്തിന് മുന്നിലുള്ളത്. ഇന്നത്തെ പ്രകടനത്തോടെ ഐപിഎല്ലില്‍ നിറം മങ്ങിയെന്ന ആരാധകരുടെ പരാതിയും രോഹിത് തീര്‍ത്തിരിക്കുകയാണ്. പത്ത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ലോകകപ്പില്‍ രോഹിത് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്.

ദക്ഷിണാഫ്രിക്ക നേടിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ധവാന്‍ എട്ട് റണ്‍സ് നേടി കൂടാരം കയറിയപ്പോള്‍ കോഹ്‌ലി 18 റണ്‍സുമായി പുറത്തായി. നാലാമനായി എത്തിയ കെ.എല്‍.രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രാഹുല്‍ 26 റണ്‍സെടുത്ത് മടങ്ങി. സ്‌കോര്‍ 139 ലെത്തി നില്‍ക്കെ റബാഡയാണ് രാഹുലിന്റെ അന്തകനായത്.

പിന്നീടായിരുന്ന ധോണി ക്രീസിലേക്ക് എത്തിയത്. ധോണിയുമൊത്ത് പക്വതയോടെ ബാറ്റ് വീശിയ രോഹിത് സെഞ്ചുറി കടന്ന് മുന്നേറി. ധോണിയുമൊത്ത് 74 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി. ധോണി 34 റണ്‍സിലെത്തി നില്‍ക്കെ പുറത്തായി. പിന്നാലെ വന്ന ഹാർദിക് പാണ്ഡ്യ 7 പന്തുകളില്‍ മൂന്ന് ഫോറുകളുമായി തകര്‍ത്തടിച്ചു. ഇതോടെ ഇന്ത്യ അനായാസം വിജയതീരത്തെത്തി.

Read More: IND vs SA ICC Cricket World Cup 2019: ‘രോഹിറ്റ്മാന്‍’ കസറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

ഈ പ്രകടനത്തോടെ മറ്റൊരു നാഴികക്കല്ലും രോഹിത് മറികടന്നു. 12000 റണ്‍സ് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി. കളി ആരംഭിക്കും മുമ്പ് രോഹിത്തിന്റെ പേരില്‍ 11926 റണ്‍സാണുണ്ടായിരുന്നത്. സെഞ്ചുറി നേടിയതോടെ ഈ കടമ്പയും കടന്നു. രോഹിത്തിന് പുറമെ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, എം.എസ്.ധോണി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook