സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ വ്ളോഗര്‍മാരുടേയും കോണ്ടന്റ് ക്രിയേറ്റര്‍മാരുടേയും പ്രധാന താവളമാണ്. ഒറ്റ രാത്രി കൊണ്ട് പോലും വൈറലായവര്‍ നിരവധിയാണ്. എന്തിന് ഇവയില്‍ മൃഗങ്ങള്‍ പോലും ഉള്‍പ്പെടുന്നു. ഇവരുടെയെല്ലാം വരുമാനം എത്രയെന്ന് ചിന്തിക്കുന്ന മറ്റൊരു വിഭാഗവും നമുക്കിടയിലുണ്ട്.
ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍ വരുന്ന ടക്കര്‍ എന്ന നായയെ പരിചയപ്പെടാം. സമൂഹ മാധ്യമങ്ങളിലെല്ലാം അത്യാവശ്യം ആരാധകരുണ്ട് ടക്കറിന്. ടക്കറിന്റെ സോഷ്യല്‍ മീഡിയ വരുമാനം പ്രതിവര്‍ഷം എത്രയാണെന്നറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും. എട്ട് കോടി 28 ലക്ഷം രൂപയാണ് സമ്പാദിക്കുന്നത്.
ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ലേഖനത്തില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ടക്കറിന്റെ ഒരു പോസ്റ്റിന് 55 മുതല്‍ 92 ലക്ഷം രൂപ വരെയാണ് ലഭിക്കുന്നത്. കോര്‍ട്ട്ണി ബഡ്സൈന്റെ നായയാണ് ടക്കര്‍. രണ്ട് വയസുള്ളപ്പോള്‍ ടക്കറിന്റെ വരുമാനം ഏഴക്ക സംഖ്യ കവിഞ്ഞിരുന്നു.
ടക്കറിനെ കിട്ടിയ ദിവസം തന്നെ കോര്‍ട്ട്ണി ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയിരുന്നു. എട്ട് ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ടക്കര്‍ കോര്‍ട്ട്ണിയുടെ കൈകളിലെത്തിയത്. ടക്കറിന്റെ ആദ്യ വീഡിയോ തന്നെ വൈറലായിരുന്നു.
വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ടക്കറിന് 25 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.