ലോകത്തിലെ ഏറ്റവും ചെറിയ നായയായി ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് പേള്‍. 2020 സെപ്തംബര്‍ ഒന്നിന് ജനിച്ച പേളിന്റെ ഉയരം 9.14 സെന്റീ മീറ്ററും നീളം 12.7 സെന്റീ മീറ്ററുമാണ്. ഒരോ ഡോളര്‍ നോട്ടിന്റെ അത്രയും നീളം മാത്രമാണ് പേളിനുള്ളത്. 553 ഗ്രാം മാത്രമാണ് പേളിന്റെ ഭാരം.
നേരത്തെ ഏറ്റവും ചെറിയ നായയുടെ റെക്കോര്‍ഡ് കൈവശം വച്ചിരുന്ന മിറാക്കിള്‍ മില്ലിയുടെ ബന്ധു കൂടിയാണ് പേള്‍. മില്ലി ജനിച്ചപ്പോള്‍ കേവലം 28 ഗ്രാം മാത്രമായിരുന്നു ഭാരം. ചിവാവ എന്ന ഇനത്തില്‍ ഉള്‍പ്പെട്ടവയാണ് മില്ലിയും പേളും.
അടുത്തിടെ ലൊ ഷൊ ഡെയ് റെക്കോര്‍ഡെന്ന ഇറ്റാലിയന്‍ ടിവി ഷോയില്‍ ഉടമയായ വനേസ സെംലറാണ് പേളിന്റെ പരിചയപ്പെടുത്തിയത്. പേളിനെ ലഭിച്ചത് ഞങ്ങളുടെ അനുഗ്രഹമായി കാണുന്നു. ഞങ്ങളുടെ തന്നെ റെക്കോര്‍ഡ് മറികടക്കാനും അത് നിങ്ങളെ അറിയിക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്, വനേസ പറഞ്ഞു.
ഒര്‍ളാണ്ടോയിലുള്ള ക്രിസ്റ്റല്‍ ക്രീക്ക് അനിമല്‍ ഹോസ്പിറ്റലില്‍ വച്ചാണ് പേളിന്റെ ഉയരം അളന്നത്. ഗിന്നസ് ലോക റെക്കോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പാദം മുതലാണ് പേളിന്റെ ഉയരം അളന്നിരിക്കുന്നത്. ചിവാവകളില്‍ നിന്ന് വ്യത്യസ്തമായി പേള്‍ ശാന്ത സ്വഭാവമുള്ള നായയാണെന്നാണ് പറയപ്പെടുന്നത്.