നാടകീയമായ അധികാര വടംവലിക്ക് ഒടുവിലാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തോട് ബിജെപി അടിയറവ് പറഞ്ഞത്. രണ്ട് ദിവസം മാത്രം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ബിഎസ് യെഡിയൂരപ്പ രാജി വെച്ച് പുറത്തുപോയതോടെ തത്‍സ്ഥാനത്തേക്ക് എച്ച്ഡി കുമാരസ്വാമിയെ ആണ് പരിഗണിച്ചത്. ബുധനാഴ്ച്ചയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ബിജെപി ഭരണത്തിലേറുമെന്ന ഘട്ടം വന്നപ്പോഴാണ് കോണ്‍ഗ്രസ് ജെഡിഎസിനെ കൂട്ടുപിടിച്ച് തന്ത്രം മെനഞ്ഞത്. കൂടാതെ മുഖ്യമന്ത്രിയായി കുമാരസ്വാമിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ അധാര്‍മ്മികമായി ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ചെങ്കിലും കസേര തെറിപ്പിക്കാനുറച്ച് തന്നെ കോണ്‍ഗ്രസും ജെഡിഎസും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. 24 മണിക്കൂറിനകം വിശ്വാസവോട്ട് നടത്തട്ടേയെന്ന് സുപ്രിംകോടതി ഉത്തരവിട്ടതോടെ ബിജെപിയുടെ ഭാവി ഏകദേശം ഉറപ്പാവുകയായിരുന്നു. കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് ഗൂഗിളില്‍ ഒരു പേര് ഇന്ത്യക്കാര്‍ നിരന്തരം തിരഞ്ഞത്. പ്രമുഖ ദക്ഷിണേന്ത്യന്‍ നടിയായ രാധിക കുമാരസ്വാമിയുടെ പേരാണ് ഗൂഗിള്‍ സെര്‍ച്ചില്‍ നിറഞ്ഞ് ട്രെന്‍ഡിംഗ് ആയി മാറിയത്.

നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ രണ്ടാം ഭാര്യയാണ് രാധിക. 2006ലാണ് ഇരുവരും വിവാഹതിരാണെന്ന വിവരം പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യയും കുമാരസ്വാമിയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുളള ബന്ധം പുറത്തുവന്നത്. 2010ല്‍ മാത്രമാണ് തങ്ങള്‍ വിവാഹിതരാണെന്ന് രാധിക വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുണ്ട്. ശാമിക കെ സ്വാമി എന്നാണ് കുട്ടിയുടെ പേര്.

2002ല്‍ നീല മേഘ​ ശര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് രാധിക കന്നഡയിലെത്തുന്നത്. 14ാം വയസില്‍ തന്നെയാണ് കരിയറില്‍ നടിക്ക് വഴിത്തിരിവ് ഉണ്ടാകുന്നത്. രത്തന്‍ കുമാര്‍ എന്നയാളുമായിട്ടായിരുന്നു രാധികയുടെ ആദ്യ വിവാഹം. എന്നാല്‍ 14ാം വയസില്‍ മകളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചതാണെന്ന് ആരോപിച്ച് രാധികയുടെ അമ്മ രംഗത്തെത്തി. രാധികയെ തീക്കൊളുത്തി കൊല്ലാന്‍ രത്തന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രത്തന്‍ മരിച്ചു.

30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച രാധിക ചില ചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ്. മുഖ്യമന്ത്രിയാകുന്ന എച്ച്ഡി കുമാരസ്വാമി ധനകാര്യ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. അതേസമയം, ആഭ്യന്തരം കോൺഗ്രസിന് കൈമാറും. ഉപമുഖ്യമന്ത്രി ജി പരമേശ്വരയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക. മുപ്പതംഗ മന്ത്രിസഭയിൽ കോൺഗ്രസിലെയും ജെഡിഎസിലും പ്രമുഖ നേതാക്കൾക്കും അവസരം ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ