തിരുവനന്തപുരം: സ്വകാര്യ സാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ബി.ജെ.പി നേതാക്കള്‍ കോടിക്കണക്കിന് രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണത്തിൽ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം നേതാവും എം.പിയുമായ എം.ബി രാജേഷ്. സംഘികള്‍ ആരേയും ഇപ്പോള്‍ കാണാനില്ലെന്നും അതിര്‍ത്തിയിലെ കാവല്‍ നിര്‍ത്തിവെച്ച് ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്‌നേഹികളെന്നും എം.ബി രാജേഷ് ഫെയ്സ്ബുക്കിലൂടെ പരിസഹിക്കുന്നു. കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങളെന്നും രാജേഷ് ആക്ഷേപിക്കുന്നു.

എംബി രാജേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘സംഘികളെയാരേയും കാണുന്നില്ലല്ലോ ഇന്ന് .അതിർത്തിയിലെ കാവൽ നിർത്തി ഉറക്കമൊഴിച്ച് കോഴപ്പണം എണ്ണി തിട്ടപ്പെടുത്തുന്ന തിരക്കിലായിരിക്കും രാജ്യ സ്നേഹികൾ. രാജ്യദ്രോഹികൾക്ക് ഈ കഷ്ടപ്പാട് വല്ലതുമുണ്ടോ? കള്ളനോട്ടടിച്ചും കോടികൾ കോഴ വാങ്ങിയുമൊക്കെ ഹിന്ദുക്കളെ ഉദ്ധരിക്കാൻ ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഗോമാതാവിന്റെ കിടാങ്ങൾ. കോഴ ഹവാല വഴി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ മതം പോലും നോക്കാതെയല്ലേ ആ പെരുമ്പാവൂരുകാരന്റെ സഹായം തേടിയത്. എന്നിട്ടും സംഘികൾ മുസ്ലീം വിരോധികളാണത്രേ! മതേതരത്വമില്ലത്രേ !!

പിന്നെന്തെല്ലാം പാടി നടക്കുന്നുണ്ട് കപട മതേതറൻമാർ നാട്ടിൽ?

അടുത്തദിവസങ്ങളിൽ കണ്ണൂരോ തലശ്ശേരിയോ മറ്റോ എന്തെങ്കിലും സംഭവിച്ചാൽ സംഘികളെ കുറ്റപ്പെടുത്തരുത്. അവർക്ക് വേറെ വഴിയില്ലാത്തോണ്ടാവും’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook