വീട്ടിലാകട്ടെ, പൊതുനിരത്തിലാകട്ടെ, ബസിലാകട്ടെ, ജോലിസ്ഥലത്തോ, വിദ്യാലയങ്ങളിലോ ആകട്ടെ. ജീവിതത്തില്‍ ഒരിക്കലെങ്കിലും ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടില്ലാത്ത സ്ത്രീകള്‍ വിരളമാകും. ഇത്തരത്തില്‍ തങ്ങള്‍ക്കും ചുറ്റുമുള്ള മറ്റു സ്ത്രീകൾക്കും നേരിടേണ്ടി വന്നിട്ടുള്ള ചൂഷണങ്ങളെക്കുറിച്ച് പൊതു സമൂഹത്തോട് വിളിച്ചു പറയുക, അതിന്റെ ഗൗരവവും വ്യാപ്തിയും എത്രത്തോളമാണെന്ന് മറ്റുള്ളവരെക്കൂടി അറിയിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഹാഷ്ടാഗ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്.

Read More: അയാളന്ന് നിശബ്‌ദമാക്കിയത് എന്‍റെ ശബ്‌ദമായിരുന്നു

ഹാഷ് ടാഗ് ക്യാംപെയ്‌നുകള്‍ നവമാധ്യമങ്ങളില്‍ വിപ്ലവങ്ങളാകുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തിലൊരു ക്യാംപെയ്‌നാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചാവിഷയം. ‘മീ ടൂ’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ഇതിനോടകം തന്നെ വിവിധ രാജ്യങ്ങളിലുള്ളവര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More: ഒരു കുഞ്ഞ് കരയുന്നത് അയാൾ കേൾക്കാറുണ്ടോ?

ഹോളിവുഡ് നടി അലീസ മിലാനോ ആണ് ഇത്തരത്തിലൊരു ക്യാംപെയിനു തുടക്കമിട്ടത്. ‘ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട ഓരോ സ്ത്രീയും ‘മീ റ്റൂ’ എന്ന് സ്വന്തം പ്രൊഫൈലില്‍ എഴുതിയാല്‍ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ആളുകളെ മനസ്സിലാക്കിക്കൊടുക്കാന്‍ സാധിക്കും’ എന്നെഴുതിയാണ് ഹാഷ്ടാഗ് ക്യാംപെയിന്‍ നടക്കുന്നത്.

മിലാനോയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിനു പുറകെ നിരവധി സ്ത്രീകള്‍ ഇതേറ്റു പിടിച്ചു. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ക്യാംപെയിനു കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്. മലയാളി നടികളായ റിമ കല്ലിങ്കല്‍, പാര്‍വതി, സജിത മഠത്തിൽ എന്നിവരും മറ്റ് മേഖലകളില്‍ നിന്നുള്ള സ്ത്രീകളുമെല്ലാം ഈ ക്യാംപെയിൻ ഏറ്റെടുത്തു തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ