മൂത്ത മകൾ നിരഞ്ജനയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച സന്തോഷം പങ്കുവച്ച് മുൻ എംപിയും സിപിഎം നേതാവുമായ എം.ബി.രാജേഷ്. ഭാര്യ നിനിതയ്ക്ക് ഈ അടുത്ത കാലത്ത് ഡോക്ടറേറ്റ് ലഭിച്ച സന്തോഷവും രാജേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും തോന്നിയിട്ടില്ലെന്നും എന്നാൽ ഈ നേട്ടം മകൾക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും രാജേഷ് കുറിച്ചു. പ്രൊഫ.കെ.പി.അപ്പന്റെ രചനകളെ മുൻനിർത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഭാര്യ നിനിത ഗവേഷണം നടത്തിയിരുന്നതെന്നും രാജേഷ് കുറിച്ചു. കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിന്റെ കാര്യക്ഷമതയെ അഭിനന്ദിക്കുന്നതായും രാജേഷ് പറഞ്ഞു.
എം.ബി.രാജേഷിന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം
വളരെ വ്യക്തിപരമായ ഒരു സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. മൂത്ത മകൾ നിരഞ്ജനക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചതാണത്. എല്ലാ വിഷയത്തിനും എ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പരീക്ഷ, മാർക്ക്, ഗ്രേഡ് എന്നീ അളവുകോലുകളുടെ പരിമിതികളെക്കുറിച്ചും ബോധ്യമുണ്ട്. അപ്പോഴും നിരഞ്ജനക്ക് ഇത് പകരുന്ന ആഹ്ളാദവും ആത്മവിശ്വാസവും ചെറുതല്ല എന്ന് തിരിച്ചറിയുന്നു. പാലക്കാട് പിഎംജി ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അവൾ പഠിച്ചത്. എസ്എഫ്ഐയുടെ പ്രവർത്തകയും സ്കൂൾ ലീഡറുമാണ്. അതിനിടയിലും പഠനത്തിൽ മികവ് പുലർത്തിയതിൽ പഴയ എസ്എഫ്ഐ പ്രവർത്തകരായ എനിക്കും നിനിതക്കും പ്രത്യേക സന്തോഷമുണ്ട്.
Read Also: ഇന്ത്യയിലെ ആപ് നിരോധനത്തിനെതിരെ ചെെന; ഗുഡ് ബെെ പറഞ്ഞ് ‘ടിക്ടോക്’
അടുത്ത കാലത്തുണ്ടായ മറ്റൊരു സന്തോഷം നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ചതാണ്. അധ്യാപക ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങൾക്ക് മക്കളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതിനിടയിലുമായി കഠിനമായി പ്രയത്നിച്ചാണ് നിനിത ഗവേഷണം പുർത്തിയാക്കിയത്. പ്രൊഫ:കെ.പി.അപ്പന്റെ രചനകളെ മുൻനിർത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. നിരഞ്ജനയുടെ പഠനത്തിലും പ്രധാന വഴികാട്ടി അമ്മ തന്നെ. എന്റെ വക പിന്തുണയും അത്യാവശ്യ ഘട്ടത്തിലെ സഹായവും മാത്രം.
ഫോട്ടോയിൽ നിരഞ്ജനക്കും നിനിതക്കുമൊപ്പമുള്ളത് ഇളയവൾ പ്രിയദത്ത. മണപ്പുള്ളിക്കാവ് ഗവ.എൽ.പി.സ്കൂളിൽ നാലാം ക്ലാസിലെ പാഠങ്ങൾ അവളിപ്പോൾ വീട്ടിലെ ടിവിക്ക് മുന്നിലിരുന്ന് ഓൺലൈനായി പഠിക്കുന്നു.
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഒപ്പം ഇന്ത്യയിൽ മറ്റെവിടെയും സാധ്യമാകാത്ത,പ്രതികൂല സാഹചര്യത്തിലും കേരളത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തി റെക്കോഡ് വേഗത്തിൽ ഫലം പ്രഖ്യാപിച്ച സർക്കാരിന്റെ കാര്യക്ഷമതയ്ക്കും അഭിവാദനങ്ങൾ.