ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വ്വതമായ മൗന ലോവ പൊട്ടിത്തെറിച്ചു. ഹവായിയിലെ ബിഗ് ഐലന്‍ഡിന്റെ ആകാശം ചുവപ്പായി മാറുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാറ്റലൈറ്റ്, തെർമൽ ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ലാവ അതിവേഗം പുറന്തള്ളുന്നതായാണ്.
അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം 45,000 അടി വരെ എത്തിയതായി ഹൊണോലുലുവിലെ നാഷണൽ വെതർ സർവീസ് (എൻഡബ്ല്യുഎസ്) ഉദ്ധരിച്ച് ഫോക്സ്വെതർ റിപ്പോർട്ട് ചെയ്തു. പെലെസ് ഹെയർ ഡൌൺവിൻഡ് എന്നറിയപ്പെടുന്ന അഗ്നിപർവ്വത ഗ്ലാസ് നാരുകൾ, അഗ്നിപർവ്വത വാതകം, ചാരം എന്നിവ കാറ്റിൽ വഹിക്കാൻ സാധ്യതയുണ്ടെന്നും എൻഡബ്ല്യുഎസ് മുന്നറിയിപ്പ് നൽകി.
ഈ വർഷം സെപ്റ്റംബർ മുതൽ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചതായി എൻപിആർ റിപ്പോർട്ട് പറയുന്നു. അടിയന്തര സാഹചര്യങ്ങൾക്കായി കൈലുവ-കോനയിലെ ഓൾഡ് കോന എയർപോർട്ടിലും പഹാലയിലെ കാവു ജിമ്മിലും ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്. എന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.
നാഷണൽ പാർക്ക് സർവീസ് പറയുന്ന പ്രകാരം മൗന ലോവ എന്നാൽ ഹവായിയൻ ഭാഷയിൽ ‘നീണ്ട പർവ്വതം’ എന്നാണ്. അഗ്നിപർവ്വതം സമുദ്രനിരപ്പിൽ നിന്ന് 13, 681 അടി ഉയരത്തിലാണ് നിലകൊള്ളുന്നത്. എവറസ്റ്റ് കൊടുമുടിയേക്കാൾ ഉയരത്തിൽ കടലിന്റെ അടിത്തട്ടിൽ നിന്ന് 30,000 അടി മുകളിലുമാണ്. 1984 ന് ശേഷം ആദ്യമായാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. 1843 മുതൽ മൗന ലോവ 33 തവണയാണ് പൊട്ടിത്തെറിച്ചിട്ടുള്ളത്.