ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്ത പാക്കിസ്ഥാനെയും ബംഗ്ലാദേശിനേയും കളിയാക്കിക്കൊണ്ട് സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തിറക്കിയതാണ് ‘മോക്കാ മോക്കാ’ പരസ്യ പരമ്പര. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ജൂണ്‍ 16ന് ലോകകപ്പില്‍ ഏറ്റുമുട്ടാനിരിക്കെ വീണ്ടും പുറത്തിറങ്ങിയിരിക്കുകയാണ് മോക്കാ മോക്കാ പരസ്യം. പിതൃദിനമായ അന്ന് തന്നെയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതെന്ന പ്രത്യേകത കൂടി കൂട്ടിച്ചേര്‍ത്താണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.
പാക്കിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും അച്ഛനായാണ് പരസ്യത്തില്‍ ഇന്ത്യയെ ചിത്രീകരിക്കുന്നത്. ഇംഗ്ലണ്ടിന്റെ എലിസബത്ത് രാജ്ഞിയേയും പരസ്യത്തിലെ ഒരു ചുമര്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇംഗ്ലണ്ടിലാണ് മത്സരം നടക്കുന്നതെന്ന കാര്യവും ഇന്ത്യ-പാക് വിഭജനത്തിലെ കണ്ണിയെന്ന നിലയിലും രാജ്ഞിയുടെ ചിത്രം കാണിക്കുന്നത് ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.
This #FathersDay, watch an ICC #CWC19 match jo dekh ke bas bol sakte hain, “baap re baap!”
Catch #INDvPAK in the race for the #CricketKaCrown, LIVE on June 16th, only on Star Sports! pic.twitter.com/Apo3R8QrbO
— Star Sports (@StarSportsIndia) June 9, 2019
എന്നാല്‍ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. മുമ്പത്തെ മോക്കാ മോക്കാ പരമ്പരകളേക്കാള്‍ നിലവാരം കുറഞ്ഞതാണ് ഈ പരസ്യമെന്നാണ് ആക്ഷേപം. അയല്‍രാജ്യങ്ങളെ അധിക്ഷേപിച്ച് ശത്രുത വളര്‍ത്താനാണ് പരസ്യത്തിന്റെ ലക്ഷ്യമെന്നും പലരും ട്വീറ്റ് ചെയ്തു. മുമ്പത്തെ പരസ്യങ്ങള്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്നതാണെങ്കില്‍ പുതിയ പരസ്യം അധിക്ഷേപിക്കുന്നതാണെന്നാണ് ആക്ഷേപം.
നേരത്തെ ഇന്ത്യയെ ഏകദിന ലോകകപ്പിലോ ട്വന്റി 20യിലോ തോല്‍പ്പിക്കാന്‍ കഴിയാത്ത പാക്കിസ്ഥാനേയും പാക് ആരാധകരേയും കളിയാക്കിയായിരുന്നു മോക്കാ മോക്കായും സബ്സെ ബഡാ മോ എന്ന പരസ്യവും പുറത്തിറക്കിയിരുന്നത്. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യയുടെ ദയനീയ തോല്‍വിയോടെയാണ് ചുട്ട മറുപടിയുമായി പാക്കിസ്ഥാന്‍ പരസ്യമൊരുക്കിയത്. ഇതും ആരാധകര്‍ ചൂണ്ടിക്കാണിച്ച് പുതിയ പരസ്യത്തെ വിമര്‍ശിച്ചു.
ഇന്ത്യയുടെ തോല്‍വിക്ക് ശേഷം പാക് ആരാധകര്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് കണ്ണുനീർ തുടക്കാന്‍ ടിഷ്യൂ പേപ്പര്‍ നല്‍കുന്നതായിരുന്നു അന്ന് പാക്കിസ്ഥാന്‍ പുറത്തിറക്കിയ പരസ്യത്തിന്റെ ഇതിവൃത്തം. വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീം 339 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് 158 റണ്‍സ് മാത്രമെടുത്താണ് അന്ന് പാക്കിസ്ഥാനോട് അടിയറവ് പറഞ്ഞത്.
ലോകകപ്പ് സമയത്ത് ആദ്യം ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനുവേണ്ടിയും പിന്നീട് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍ക്കായും സ്റ്റാര്‍ സ്പോര്‍ട്സ് തയാറാക്കിയ മോക്കാ മോക്കാ പരസ്യം വലിയ ഹിറ്റായിരുന്നു. പാക്കിസ്ഥാനെ പരിഹസിക്കുന്ന പരസ്യം മികച്ച രീതിയിലാണ് ആരാധകര്‍ സ്വീകരിച്ചത്.