പുതിയ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോൾ പഴയവ പലതും കൈവിടുന്നവരാണ് നമ്മൾ. അക്കൂട്ടത്തിൽ ഒന്നാണ് നമ്മുടെ ഭാഷ. പാശ്ചാത്യ ലോകത്തിന്റെ അടക്കം മറ്റ് പല സംസ്കാരങ്ങളുടെയും സ്വാധീനം നമ്മുടെ ഭാഷയെ സ്വാധീനിക്കുമ്പോൾ ഇവിടെ ഒരു ഗ്രാമം മുഴുവനും തങ്ങളുടെ ഭാഷയെ കൈവിടാതെ തലമുറകളായി സൂക്ഷിക്കുന്നു. കർണാടകയിലെ ശിവമോഗയ്‌ക്ക് അടുത്തുള്ള മാട്ടുർ എന്ന ഗ്രാമത്തിൽ ഇന്നും സംസ്കൃതമാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്.

ഇംഗ്ലീഷ് പോലുളള ഭാഷകൾ നമ്മുടെ സംസ്കാരത്തെയും ഭാഷയെയും മാറ്റുമ്പോഴാണ് പാഠപുസ്‌തകങ്ങളിൽ മാത്രം ഒതുങ്ങിയ സംസ്കൃതം എന്ന പൗരാണിക ഭാഷ ഒരു ഗ്രാമം മുഴുവൻ വർഷങ്ങളായി ഉപയോഗിച്ചു പോരുന്നത്. ലോകത്ത് സംസ്കൃതം സംസാരിക്കുന്ന ഏക ഗ്രാമമാണ് മാട്ടുർ. കർഷക ഗ്രാമമായ മാട്ടുരിലെ എല്ലാ വീടുകളിലും ആളുകൾ പരസ്‌പരം സംസാരിക്കാൻ ഉപയോഗിക്കുന്നതും സംസ്കൃതം തന്നെ.

600 വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്നു വന്ന ബ്രാഹ്‌മണ സമൂഹമാണ് മാട്ടുരിൽ സ്ഥിര താമസമാക്കിയതെന്നാണ് പറയപ്പെടുന്നത്. പണ്ടു കാലം മുതൽക്കേ മാട്ടുരിൽ സംസ്കൃതം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. പത്തു ദിവസത്തെ സംസ്കൃത പഠന ക്ലാസും മാട്ടുരിൽ നടത്തുന്നുണ്ട്. സങ്കേതിസ് എന്ന വിഭാഗത്തിൽപെട്ട ഇവിടുത്തെ ജനങ്ങൾ സംസ്കൃതം കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നിവയും ഉപയോഗിക്കുന്നു. സങ്കേതി എന്ന ലിപിയില്ലാത്ത ഭാഷയും ഉപയോഗിച്ചു പോരുന്നുണ്ട്.

ചതുര ആകൃതിയിലുള്ള ഗ്രാമത്തിന്റെ മധ്യഭാഗത്തായി ക്ഷേത്രവും പാഠശാലയും സ്ഥിതി ചെയ്യുന്നു. പാഠശാലയിൽ പൗരാണിക ശൈലിയിൽ വേദങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടിരിക്കും. ഇവിടുത്തെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കാനായി ഗ്രാമത്തിലെ മുതിർന്നവരുടെ നേതൃത്വത്തിൽ അഞ്ചു വർഷത്തെ കോഴ്സും നടത്തുന്നുണ്ട്. അക്കാദമിക് പഠനത്തിലും മികവു പുലർത്തുന്ന ഈ ഗ്രാമത്തിലെ കുട്ടികൾ പലരും എൻജിനിയറിങ്ങും മെഡിസിനും പഠിക്കാനായി വിദേശത്തേക്കും പോകുന്നു. ഇതുകൂടാതെ രസകരമായ സംഭവം, ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും ഒരു സോഫ്‌റ്റ്‌വെയർ എൻജിനീയർ എങ്കിലും ഉണ്ടെന്നതാണ് !

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook