കടലാക്രമണത്തിനും കോവിഡ് വ്യാപനത്തിനുമിടയിൽ ജീവിതവും ജീവനും കൈയിൽ പിടിച്ച് ദിവസങ്ങൾ തള്ളി നീക്കുന്ന ചെല്ലാനത്തെ മനുഷ്യർക്ക് കണ്ണമായി പൊലീസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ നൂറ് രൂപയുടെ ഒരു നോട്ട് കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. പൊതിച്ചോറിൽ കരുതലും സ്നേഹവും ഒളിപ്പിച്ച ആ സുമനസ്സിന്റെ ഉടമയെ കണ്ണമാലി പൊലീസ് കണ്ടെത്തി.
Read More: അവളില്ലാതെ ചടങ്ങ് നടക്കില്ലെന്ന് ഭർത്താവ്; മരിച്ചുപോയ ഭാര്യ തിരിച്ചെത്തി
കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റ്യനായിരുന്നു ഈ വലിയ മനസിന് പിന്നില്‍. ഒരു നേരത്തെ ഭക്ഷണത്തിനും അപ്പുറമായിരുന്നു മേരിയുടെ കരുതൽ. തൊഴിലുറപ്പിന് പോയി കിട്ടിയ പണത്തിൽ നിന്നും നൂറ് രൂപയും ചേര്‍ത്താണ് ഭക്ഷണപ്പൊതി തയ്യാറാക്കിയത്.
പൊതിച്ചോറിൽ നിന്ന് നൂറു രൂപ ലഭിച്ച കാര്യം ചൂണ്ടിക്കാട്ടി കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ പി എസ് ഷിജു ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. ഇത് വൈറലായതോടെ ആരാണ് നൂറ് രൂപയുടെ ഉടമ എന്ന ചോദ്യം ഉയർന്നു. ഇതിന് പിന്നാലെയാണ് കണ്ണമാലി പൊലീസ് ഉടമയെ അന്വേഷിച്ച് ഇറങ്ങിയത്.
Read More: ആ സല്യൂട്ട് ഔദ്യോഗികമല്ല; പൊലീസുകാരനെതിരെ നടപടിക്കു സാധ്യത
മേരിയുടെ മനസിന് പിന്തുണയുമായി വൈകാതെ പൊലീസ് കുമ്പളങ്ങിയിലെ അവരുടെ വീട്ടിലെത്തി. കോവിഡ് വ്യാപനത്തോടെ മേരിയുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍ ജോലി നഷ്ടപ്പെട്ടു. കുടുംബം കടുത്ത ദാരിദ്രത്തിലും. ഇതിനിടെ തന്നാലാകും വിധം സഹജീവികളെ സഹായിക്കാൻ മുന്നോട്ട് വന്ന മേരിയെ പൊലീസ് അഭിനന്ദിച്ചു.
കണ്ണമ്മാലി ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു കുമ്പളങ്ങിയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഭക്ഷണ പൊതികൾ എത്തിച്ചത്. ഓരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികളായിരുന്നു ശേഖരിച്ചിരുന്നത്. പ്രദേശവാസികൾക്ക് നൽകാനായി കണ്ണമാലി സ്റ്റേഷനിൽ പൊതികൾ എത്തിച്ചു.
ഇതിൽ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ അനില്‍ ആന്റണി എന്ന പൊലീസുകാരന് പൊതി തുറന്നപ്പോഴാണ് കാരുണ്യത്തിന്റെ കൈനീട്ടം പോലെ നൂറ് രൂപ നോട്ട് കണ്ടത്. ചോറിലും കറികളിലും പറ്റിപ്പിടിക്കാതെ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായിട്ടായിരുന്നു രൂപ വച്ചിരുന്നത്.