അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയോട് തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഓർമിച്ച് ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു. ഫെയ്‌സ്ബുക്കിലൂടെ ജയലളിതയെ മുൻപ് കാണാൻ പോയ സമയത്തുളള ചിത്രം പങ്കുവച്ചുകൊണ്ടാണ് കട്‌ജു തന്റെ മനസ്സ് തുറന്നത്. പെൺ സിംഹവും ആൺ സിംഹവും എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം നൽകിയിരിക്കുന്നത്.

ഇതു കൂടാതെ ചെറുപ്പത്തിൽ ജയലളിതയോട് ഉണ്ടായിരുന്ന ഇഷ്‌ടത്തെക്കുറിച്ചും കട്‌ജു തുറന്നു പറഞ്ഞു. ജയലളിത അതിസുന്ദരിയായിരുന്നുവെന്നും ഒരിക്കലും തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു അതെന്നും ജയലളിതയ്‌ക്ക് അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും സുപ്രീം കോടതി ജഡ്‌ജിയായ കട്‌ജു പറഞ്ഞു. കട്‌ജുവിന്റെ കുറിപ്പ് ഫെയ്‌സ്ബുക്കിൽ വൈറലാവുകയാണ്.
jayalalithaa, katju

1946 സെപ്‌തംബറിലാണ് കട്‌ജു ജനിച്ചത്. 1948 ഫെബ്രുവരിയിലായിരുന്നു ജയലളിതയുടെ ജനനം. ചെറുപ്പത്തിൽ ജയലളിതയോട് പ്രണയം തേന്നിയിരുന്ന കട്‌ജുവിന് പക്ഷേ അവരെ രണ്ടു തവണ മാത്രമാണ് നേരിൽ കാണാൻ കഴിഞ്ഞത്. മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കാൻ ചെന്നൈയിലെത്തിയപ്പോൾ 2004 നവംബറിലാണ് ആദ്യമായി രാജ്‌ഭവനിൽ വച്ച് ജയലളിതയെ നേരിൽ കണ്ടതെന്നും കട്‌ജു ഓർമിക്കുന്നു.

അന്നും ജയലളിത സുന്ദരിയായിരുന്നുവെന്നും പക്ഷേ അന്ന് തനിക്ക് ചെറുപ്പത്തിലുണ്ടായിരുന്ന ഇഷ്‌ടത്തെക്കുറിച്ച് പറയാൻ സാഹചര്യം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും പറഞ്ഞവസാനിപ്പിച്ച കട്‌ജു ജയലളിതയുടെ സിനിമയിലെ ഒരു ഗാനവും പോസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഇതിനു മുൻപ് ജയലളിത ആശുപത്രിയിൽ കഴിഞ്ഞ സമയത്തും ജയയോട് തനിക്ക് ഇഷ്‌ടമുണ്ടായിരുന്നുവെന്ന് കട്‌ജു സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു. ജയലളിത സുന്ദരിയാണെന്നും ഇപ്പോഴും തനിക്ക് അവരെ ഇഷ്‌ടമാണെന്നും എത്രയും വേഗം അവർ സുഖം പ്രാപിക്കട്ടെയെന്നുമാണ് അന്ന് കട്‌ജു ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ