scorecardresearch

ഇതാണ് റോൾ മോഡൽ, വിധിയെ പൊരുതി തോൽപ്പിച്ച് മരിയ

എംബിബിഎസ് ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്

mariya, mbbs student, ie malayalam

മനക്കരുത്തും നിശ്ചയദാർഢ്യവും കൊണ്ട് വിധിയെ പൊരുതി തോൽപ്പിച്ച മരിയയെ അഭിനന്ദിക്കുകയാണ് സോഷ്യൽ ലോകം. അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ എംബിബിഎസ് ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. അഭിഭാഷകൻ ബി.സത്യനാണ് മരിയയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകളാണ് മരിയ. വിദേശത്താണ് മരിയ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. ഒന്നാം വർഷ പഠനം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് മരിയയുടെ ജീവിതത്തിലെ ആ കറുത്ത ദിവസം എത്തിയത്.

ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ മഴ. അപ്പോഴാണ് രണ്ടാം നിലയിലെ ബാൽക്കണിയിൽ തുണി ഉണങ്ങാനായി ഇട്ടിരുന്ന കാര്യം മരിയ ഓർത്തത്. ഓടി പോയി അയയിൽ നിന്നും തുണി വലിച്ചെടുത്തപ്പോഴേക്കും ബാൽക്കണിയിലുണ്ടായിരുന്ന വെള്ളത്തുള്ളികളിൽ തെന്നി താഴേക്ക് പതിച്ചു. വീഴ്ചയിൽ തലയിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ തന്നെ സുഹൃത്തുക്കളും കോളേജ് അധികാരികളും അടുത്തുള്ള കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തുടയിലെ അസ്ഥി ഒടിഞ്ഞതായും നട്ടെല്ലിനും ക്ഷതം സംഭവിച്ചതായും കണ്ടെത്തി. നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ സൗകര്യങ്ങളുള്ള എറണാകുളം അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരീരം മുഴുവൻ തളർന്നു പോയ മരിയയ്ക്ക് പിന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ കൈകൾ ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. തുടർ ചികിത്സയ്ക്കായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളജിൽ ഫിസിയോതെറാപ്പിയും നടത്തി. ഒടുവിൽ 6 മാസം നീണ്ട ചികിത്സ കഴിഞ്ഞപ്പോഴാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയായത്. ആശുപത്രിക്കിടക്കയിലായിരുന്നപ്പോളും എം.ബി.ബി.എസ് എങ്ങനെയും എഴുതി എടുക്കണമെന്ന ആഗ്രഹമായിരുന്നു മരിയയുടെ മനസ്സ് നിറയെ. വീൽചെയറിൽ ഇരിക്കാനാകുന്ന സ്ഥിതിയായപ്പോൾ പിന്നെ ക്ലാസിൽ വീണ്ടും ചേരണമെന്ന നിർബന്ധത്തിലായി.

ഡോക്ടർമാരുടെ സമ്മത പ്രകാരവും കോളേജ് അധികാരികളുടെ പിൻതുണയോടും കൂടി 2017 ജനുവരി മുതൽ വീണ്ടും ക്ലാസിൽ പോയി. കാലുകൾക്കു ചലന ശേഷി ഇല്ലാത്തതിനാൽ പൂർണമായി വീൽചെയറിനെ ആശ്രയിക്കേണ്ടി വന്നതോടെ സഹപാഠികളും അധ്യാപകരും സഹായവുമായി എത്തി. മാതാവ് സുനി ഇക്കാലമത്രയും കോളേജ് ഹോസ്റ്റലിൽ കരുതലായി നിന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതുന്നതിനു സഹായിയെ ആശ്രയിക്കുന്നതിനു സർവകലാശാല അനുമതി നൽകിയെങ്കിലും മരിയ സ്വീകരിച്ചില്ല. കാരണം മെഡിക്കൽ ഫീൽഡുമായി ബന്ധമില്ലാത്ത ആളെ വേണം സഹായിയായി എത്താൻ. അപ്പോൾ അവർക്ക് മെഡിക്കൽ സംബന്ധമായ വാക്കുകൾ എഴുതാൻ ബുദ്ധിമുട്ടാകും. അതിനാൽ സ്വയം എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ വഴങ്ങാത്ത കൈകളെ തന്റെ ചൊൽപ്പടിക്ക് നിർത്താനായി ശ്രമം തുടങ്ങി. പേനയും പെൻസിലും കയ്യിൽ മുറുകെ പിടിച്ച് പരിശ്രമം തുടങ്ങി. ചിത്രം വരച്ചാണ് വിരലുകളെ നിലയ്ക്ക് നിർത്താൻ മരിയയ്ക്ക് കഴിഞ്ഞത്. ഇക്കാലയളവിൽ മികച്ചൊരു ചിത്രകാരിയാകാനും കഴിഞ്ഞു. ഒടുവിൽ സ്വന്തം കൈകൾ കൊണ്ട് രണ്ടാം വർഷത്തിലെ ക്ലാസുകളിൽ പങ്കെടുക്കുന്നതിനൊപ്പം ആദ്യ വർഷം നഷ്ടപ്പെട്ട പരീക്ഷയും എഴുതിയെടുത്തു. ഇതോടെ ആത്മ വിശ്വാസം ഏറെ വർദ്ധിച്ചു. പിന്നെ ഒരു കുതിപ്പായിരുന്നു. പോയ കാലുകൾക്ക് പകരം സുഹൃത്തുക്കൾ കൂട്ടായി എത്തിയതോടെ ഈ ലോകം തന്നെ കീഴ്പ്പെടുത്താൻ തനിക്ക് കഴിയുമെന്ന ആത്മ വിശ്വാസം ഒടുവിൽ എത്തിച്ചത് എം.ബി.ബി.എസിലെ വിജയത്തിലേക്കായിരുന്നു.

കഴിഞ്ഞ നവംബറിൽ ആരംഭിച്ച അവസാന വർഷ പരീക്ഷയ്ക്കു കൂടുതൽ സമയം ഇരുന്നു പഠിച്ചതോടെ ശരീരത്തിൽ മുറിവുണ്ടായി. സ്ട്രെച്ചറിൽ കിടന്നായിരുന്നു തുടർപഠനം. ഒടുവിൽ കാത്തിരുന്ന എംബിബിഎസ് ബിരുദം മരിയയുടെ കൈകളിലേക്കെത്തി.

Read More: സന്താനവും റോളക്സും ‘ഒരേ മുഖത്ത്’; അഭിഷേകിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mariya mbbs student story hit in social media