മകളുടെ കല്യാണത്തിന് ആശംസകളുമായി ജയിലില്‍ നിന്നും മാവോയിസ്റ്റ് രൂപേഷിന്റെ കത്ത്. മകള്‍ ആമിയാണ് രൂപേഷിന്റെ കത്ത് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ബംഗാള്‍ ദക്ഷിണ 24 പര്‍ഗാന സ്വദേശി മദന്‍ ഗോപാലിന്റേയും ടുള്‍ടുളിന്റേയും മകന്‍ ഓര്‍ക്കോ ദീപാണ് ആമിയുടെ വരന്‍.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയാണ് രൂപേഷ് ഇപ്പോള്‍. ഇതിനിടെയാണ് രൂപേഷ് മകളുടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് കത്തെഴുതിയത്. മുന്‍ മന്ത്രിയും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം വിവാഹത്തിനെത്തിയിരുന്നു.

”സമരങ്ങള്‍, പൊതുപരിപാടികള്‍, യോഗങ്ങള്‍, സമ്മേളനങ്ങള്‍ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതല്‍ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുല്‍പ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങള്‍, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍, വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങള്‍, തൃശ്ശൂരിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു.” രൂപേഷ് കത്തില്‍ പറയുന്നു.

”ഞങ്ങളുടെ ആമിമോള്‍ പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവള്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ ശ്രീ. മദന്‍ ഗോപാലിന്റേയും ശ്രീമതി. ടുള്‍ടുളിന്റെയും മകനായ സഖാവ് ഓര്‍ക്കോദീപാണ് അവളുടെ പങ്കാളിയാകാന്‍ പോകുന്നത്. ഒന്നിച്ചുള്ള ദീര്‍ഘകാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം അറിയുന്നവരാണവര്‍.കഴിഞ്ഞ നാലുവര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാന്‍ ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ല. അതിനാല്‍ നിങ്ങളുടെ മുന്‍കൈയിലാകട്ടെ അവരുടെ കൂടിച്ചുചേരല്‍. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം.” രൂപേഷ് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook