Latest News

മഞ്ജു വാര്യർ കണ്ടു, ഷാദിയ എന്ന ‘നന്മ’യെ!

പ്രളയബാധിതരെ സഹായിക്കാനായി തന്റെ ‘പണകുടുക്ക’ യിലെ പണവുമായി മലയാള മനോരമയുടെ ഓഫീസിൽ എത്തിയപ്പോഴാണ് ഈ ഒമ്പതു വയസ്സുകാരിയുടെ വലിയ മനസ്സിനെ കുറിച്ച് മലയാളികൾ അറിഞ്ഞത്

‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന രീതിയിലുള്ള നന്മ നിറഞ്ഞ പ്രവൃത്തിയാണ് ഷാദിയ എന്ന അഞ്ചാം ക്ലാസ്സുകാരിയെ വാർത്തകളിലെ താരമാക്കി മാറ്റിയത്. പ്രളയബാധിതരെ സഹായിക്കാനായി തന്റെ ‘പണകുടുക്ക’ യിലെ നാണയത്തുട്ടുകളും നോട്ടുകളുമായി മലയാള മനോരമയുടെ ഓഫീസിൽ നേരിട്ടെത്തി പണം കൈമാറിയപ്പോഴാണ് ഈ ഒമ്പതു വയസ്സുകാരിയുടെ വലിയ മനസ്സിനെ കുറിച്ച് മലയാളികൾ അറിഞ്ഞത്. തലച്ചോറിലെ ട്യൂമറിനു ചികിത്സയെടുത്തു കൊണ്ടിരിക്കുന്ന ഷാദിയയുടെ മനസ്സിന്റെ നന്മ അറിഞ്ഞവരുടെയെല്ലാം കണ്ണുനനയിച്ചൊരു അനുഭവമായിരുന്നു.

മലയാള മനോരമ വാർത്തയിൽ നിന്നും ആ ‘കുഞ്ഞു മനസ്സിന്റെ’ നന്മയുടെ കഥ മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും അറിഞ്ഞിരുന്നു. ഷാദിയയ്ക്ക് ഏറെയിഷ്ടപ്പെട്ട നായികയാണ് മഞ്ജുവാര്യർ. ഇന്ന് ഷാദിയ എന്ന നന്മയെ, തന്നെയിഷ്ടപ്പെടുന്ന ആ കുഞ്ഞാരാധികയെ മഞ്ജു നേരിട്ട് കണ്ടു.

തന്നെ കാണാൻ​ എത്തിയ ഷാദിയയെ കുറിച്ച് മഞ്ജു വാര്യർ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് : ” ഷാദിയയെ നമ്മള്‍ ആദ്യം കാണുന്നത് രോഗക്കിടക്കയില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായെത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പതുവയസുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുന്‍കരുതലുകളിലായതിനാല്‍ അവളുടെ കണ്ണുകള്‍ മാത്രമേ നമുക്ക് കാണാനാകൂ.

കുടുക്ക പൊട്ടിക്കുന്നത് നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ കണ്ണുകളില്‍നിന്നുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്നെ കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു. AROH എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യുമ്മ ആമിനയാണ് അവള്‍ക്കെല്ലാം. രോഗത്തിന്റെയും ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രംവരയ്ക്കും, നിറംകൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു.

ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാൻ വല്യുമ്മയോട് സംസാരിക്കുമ്പോൾ ഷാദിയ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാൻ ശ്രദ്ധിച്ചത്. അപ്പോൾ അവളുടെ കണ്ണിൽ നിഷ്ക്കളങ്കതയുടെ നിലാവുള്ളതുപോലെ….
സൂക്ഷിച്ചു നോക്കിയാൽ കണ്ണുകൾ ചിരിക്കുന്നതു കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോൾ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോടു ചേർത്തു. അവള്‍ വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ…
ഷാദിയയ്ക്ക് പെട്ടെന്ന് പഴയ ചിത്രശലഭമാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍….,” തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ മഞ്ജു കുറിക്കുന്നു.

മനോരമ ന്യൂസിന്റെ ക്യാൻസർ ബോധവത്കരണ ക്യാംമ്പെയിനായ ‘കേരള ക്യാനി’ന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മഞ്ജുവാര്യർ.

തലച്ചോറിലെ ട്യൂമറിന് ചികിത്സയെടുക്കുകയാണ് ഷാദിയ. ആറു ലക്ഷം രൂപയാണു ഷാദിയയുടെ ചികിൽസയ്ക്കായി ഇതുവരെ ചെലവായത്. മാസം 30,000 രൂപയോളം ചികിത്സയ്ക്ക് വേണം.  മാർബിൾ ജോലിക്കാരനായ പിതാവ് ഷബീറിന്റെ കഷ്ടപ്പാടിനൊപ്പം സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും സഹായം കൊണ്ടാണ് ചികിത്സ മുന്നോട്ടു പോകുന്നത്. പൂക്കാട്ടുപടി സെന്റ് ജോർജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഷാദിയ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Manju warrier meet shadiya

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express