നടി മഞ്‍ജു വാര്യരുടെ ബൈക്ക് യാത്രകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണല്ലോ. ‘തുനിവ്’ എന്ന ചിത്രത്തിലെ നായകനും തമിഴ് സൂപ്പർ താരവും സർവ്വോപരി ബൈക്ക് റേസറുമായ ‘തല’ അജിത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മഞ്‍ജു ബൈക്കിങ്ങിലേക്ക് എത്തുന്നത്. ഇപ്പോഴിതാ, മഞ്‍ജുവിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ബൈക്കിങ്ങിലേക്ക് എത്തിയിരിക്കുകയാണ് മറ്റൊരു മഞ്‍ജു.
മഞ്‍ജു വാര്യരുടെ ചിത്രങ്ങളോട് സമാനതയുള്ളതു കൊണ്ടാവണം സോഷ്യൽ മീഡിയ അൽഗോരിതം തിരുവനന്തപുരത്തുള്ള ഐ ടി ഉദ്യോഗസ്ഥയായ മഞ്‍ജു നായരുടെ ചിത്രങ്ങൾ അവരെ പരിചയമില്ലാത്ത പലരുടെയും ഫീഡിൽ കൊണ്ടിട്ടത്. മഞ്‍ജു എന്ന പേരും കൗതുകം കൂട്ടി. അങ്ങനെയാണ് ഒരു മഞ്‍ജു മറ്റൊരു മഞ്‍ജുവിന് പ്രചോദനമായ കഥയിലേക്ക് എത്തിപ്പെട്ടത്.
‘2019ലാണ് ഞാൻ ലൈസൻസ് എടുക്കുന്നത്. പണ്ടുമുതലേ എനിക്ക് ഡ്രൈവിംഗിനോട് താൽപ്പര്യമുണ്ട്. കാർ ഞാൻ നല്ല രീതിയിൽ ഓടിക്കും. പക്ഷേ ബൈക്ക് എന്നും ഒരു സ്വപ്നമായിരുന്നു, ബൈക്കിൽ ലഡാക്കിൽ പോവണം എന്നത് ജീവിതത്തിലെ വലിയൊരു സ്വപ്നമാണ്. ചേട്ടന്റെ ബൈക്കിൽ കയറി ഓടിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും റോഡിലേക്ക് ഇറക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.
മഞ്ജു വാര്യർ തുനിവ് ഷൂട്ടിനിടെ ലഡാക്കിലേക്ക് നടത്തിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ അതെനിക്കുമൊരു ഓർമപ്പെടുത്തൽ ആയിരുന്നു. എത്രയോ നാളായി ബൈക്ക് റൈഡ് എന്ന എന്റെ സ്വപ്നത്തെ ഞാനിങ്ങനെ മാറ്റി വയ്ക്കുകയാണ്… ഇനിയും എന്തിന് അതിങ്ങനെ മാറ്റി വയ്ക്കണം?,’ മഞ്‍ജു നായർ തന്റെ കഥ പറഞ്ഞു തുടങ്ങി.
തുടർന്ന് സിആർഎഫിന്റെ മോട്ടോർ സൈക്കീൾ ട്രെയിനിങ്ങിന് മഞ്‍ജു രജിസ്റ്റർ ചെയ്തു. ഒരു വർക്കിംഗ് ഡേയിൽ കിട്ടിയ അവസരത്തിൽ ഒന്നര മണിക്കൂറു കൊണ്ടാണ് ട്രെയിനിംഗ് എടുത്തത്.
‘എൻഫീൽഡ് ഹണ്ടറും തണ്ടർ ബേഡുമെല്ലാം ഓടിച്ചു നോക്കി. അതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. സഹപ്രവർത്തകരുടെ ബുള്ളറ്റൊക്കെ എടുത്ത് പതിയെ നഗരത്തിലൊക്കെ കറങ്ങാൻ തുടങ്ങി. ചെറിയ ചെറിയ റൈഡുകൾക്കും പോയി. ലഡാക്ക് ട്രിപ്പാണ് അടുത്ത ലക്ഷ്യം,’ മഞ്‍ജു നായർ കൂട്ടിച്ചേർത്തു.
മഞ്‍ജു എന്ന മോട്ടിവേഷൻ
പേരിലും പ്രായത്തിലും മാത്രമല്ല, കടന്നു പോയ ജീവിതത്തിലും സമാനതകൾ ഉണ്ട്, രണ്ടു മഞ്‍ജുമാരും തമ്മിൽ.
‘ഒറ്റയ്ക്ക് ജീവിക്കുന്ന പല സ്ത്രീകൾക്കുമെന്ന പോലെ എനിക്കും മഞ്ജു വാര്യർ ഒരു മോട്ടിവേഷൻ ഫിഗറാണ്. ഒരുപാട് സാമ്യതകൾ ഞങ്ങളുടെ വ്യക്തി ജീവിതത്തിലും ഉണ്ട് എന്ന് തോന്നുന്നു. ഡിവോഴ്സ്, അതു കഴിഞ്ഞ് മക്കളിൽ നിന്നും വേർപെട്ടു ജീവിക്കേണ്ട അവസ്ഥ… ഒരുപക്ഷേ അതൊക്കെയാണ് എനിക്കു മഞ്ജുവുമായി ഏറ്റവും കൂടുതൽ കണക്റ്റ് ചെയ്യാൻ സാധിക്കുന്നത്. അവർ കടന്നുപോയ ആ അവസ്ഥകൾ, ഇന്നു കാണുന്ന ആ ചിരിയ്ക്ക് പിന്നിൽ അവരനുഭവിച്ച വേദനകൾ, എല്ലാം എനിക്കിപ്പോൾ നന്നായി മനസ്സിലാവും… എല്ലാറ്റിനും ഉപരി ആ വ്യക്തിത്വത്തെയോർത്ത് അഭിമാനവുമുണ്ട്. കാരണം എല്ലാറ്റിനെയും അതിജീവിച്ച് അവർ മുന്നോട്ടു വന്നു, സ്വയം എക്സ്പ്ലോർ ചെയ്തു, സ്വപ്നങ്ങളൊക്കെ ഒന്നൊന്നായി കയ്യെത്തി തൊടുന്നു.
ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം നമുക്ക് മനസ്സിലാവുക പരുക്കൻ യാഥാർത്ഥ്യങ്ങളിലൂടെയും വെല്ലുവിളികളിലൂടെയും കടന്നു പോവുമ്പോഴാണ്. ആ ഘട്ടത്തിൽ നമ്മുടെ കാഴ്ചപ്പാടുകളും ചിന്തകളുമെല്ലാം മാറി തുടങ്ങും. 2017യിൽ ആയിരുന്നു എന്റെ ഡിവോഴ്സ് കേസ് തുടങ്ങുന്നത്. നാലു വർഷത്തോളം ട്രോമാറ്റിക് ആയൊരു യാത്രയായിരുന്നു. 2021 ഡിസംബറിലാണ് ഡിവോഴ്സ് കിട്ടുന്നത്. അതിനു മുൻപു തന്നെ എന്റെ മകനെ എന്നിൽ നിന്നും കൊണ്ടു പോയിരുന്നു. അവനെ ഒളിഞ്ഞും പാത്തുമൊക്കെ കാണാൻ കിട്ടിയാൽ ആയി എന്ന അവസ്ഥ. അവനോട് സംസാരിക്കാനോ വിളിക്കാനോ മെസേജ് ചെയ്യാനോ ഒന്നും പറ്റുന്നുണ്ടായിരുന്നില്ല. അവൻ വരുമെന്ന കാത്തിരിപ്പിലായിരുന്നു ജീവിതം. അത്തരമൊരു ഇമോഷണൽ ബ്രേക്ക് ഡൗണിലൂടെ പോവുമ്പോഴാണ് മഞ്ജു പ്രചോദനമായി തുടങ്ങിയത്. സമാനമായ അവസ്ഥകളിലൂടെ കടന്നു പോയ മഞ്ജു വളരെ പോസിറ്റീവ് ആയി മുന്നിൽ നിന്നും ജീവിതത്തെ നോക്കി ചിരിക്കുന്നത് കണ്ടപ്പോൾ എവിടെയോ ഒരു പ്രതീക്ഷ തോന്നി. ജീവിതം അവിടെ നിന്നും റീസ്റ്റാർട്ട് ചെയ്യുകയായിരുന്നു. ഇനിയും മുന്നോട്ട് പോവാനുണ്ട്,’ മഞ്ജു നായർ പറഞ്ഞു.
മഞ്ജു വാര്യർ എന്ന അഭിനേത്രിയേക്കാളും ആ വ്യക്തിത്വമാണ് തന്നെ സ്പർശിച്ചതെന്നും മഞ്ജു നായർ കൂട്ടിച്ചേർക്കുന്നു.
‘ഞാൻ മഞ്ജുവിലെ അഭിനേത്രിയുടെ ഫാൻ ഗേളല്ല. അവരുടെ സിനിമകളെ പലപ്പോഴും ക്രിട്ടിക്കലായി സമീപിക്കുന്ന ഒരാളാണ്. എനിക്ക് ഏറെയിഷ്ടം മഞ്ജുവെന്ന വ്യക്തിയെ ആണ്. ഇന്നത്തെ മഞ്ജുവാകാൻ അവർ കടന്നുപോയ ആ അവസ്ഥകളും കഷ്ടപ്പാടുകളും എനിക്കു റിലേറ്റ് ചെയ്യാൻ പറ്റും. അതു കൊണ്ടാവും അവരുടെ നേട്ടങ്ങൾ എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. സിനിമ പോലെ, നിലനിൽക്കാൻ ഇത്രയും ബുദ്ധിമുട്ടുള്ള ഒരു മേഖലയിൽ സ്വയം പോളിഷ് ചെയ്ത്, സട്ടിലായി അവർ നിൽക്കുന്നത് വലിയൊരു നേട്ടമാണ്. പ്രായം സ്വപ്നങ്ങൾ പിൻതുടരാൻ പ്രശ്നമല്ല എന്നുകൂടി പറയുന്നുണ്ട് മഞ്ജു വാര്യർ. നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യങ്ങൾ ഓരോന്നായി ചെയ്തു തീർക്കാനുള്ള പ്രചോദനമാവും അത്. ചില മനുഷ്യർക്ക് ഹീലിംഗ് പവറുണ്ട്, ജീവിതത്തിലെ ട്രാജഡികൾ നല്ലതായി മാറുന്നത് ചിലപ്പോൾ ഇങ്ങനെയൊക്കെയാവാം,’ മഞ്ജു നായർ പറഞ്ഞു നിർത്തി.
പുസ്തകങ്ങൾക്കോ മഹത് വചനങ്ങൾക്കോ ഒന്നും നൽകാനാവാത്ത പ്രചോദനവും പ്രതീക്ഷയും നൽകാൻ ചില മനുഷ്യർക്കു സാധിക്കും. നമ്മൾ കടന്നുപോവുന്ന അനുഭവങ്ങളുടെ വഴിയെ മുൻപേ നടന്ന ആ മനുഷ്യരോട്, ജീവിതസാഹചര്യങ്ങളെ അവർ നേരിട്ട രീതിയോട്, എല്ലാം മറികടന്ന് അവരെത്തി നിൽക്കുന്ന പ്രശാന്തസുന്ദരമായ മാനസികാവസ്ഥയോട് ഒക്കെ നമുക്ക് ആദരവു തോന്നും. ഒപ്പം എല്ലാ സ്ട്രഗിൾസിനുമൊടുവിൽ എത്തിച്ചേരാവുന്ന സമാധാനത്തിന്റെ ഇടമെന്ന രീതിയിൽ ആ പ്രശാന്തത നമ്മളിൽ പ്രതീക്ഷയായി വളരാനും തുടങ്ങും. ആ പ്രതീക്ഷയിലും സമാധാനത്തിലും ഇരുന്ന്, ബക്കറ്റ് ലിസ്റ്റ് പൊടി തട്ടിയെടുത്ത്, സ്വപ്നത്തിന് പുതിയ ഭൂമിയും പുതിയ ആകാശവും നൽകുകയാണ് ഈ മഞ്‍ജുവും.