ഓരോ തവണ കാണുമ്പോഴും മലയാളിക്ക് പുതിയ അനുഭവമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് സിനിമ. എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച, തിയേറ്ററിൽ വൻവിജയം നേടിയ സിനിമ മാത്രമല്ല ‘മണിച്ചിത്രത്താഴ്’ മലയാളികൾക്ക്. അതിനപ്പുറം എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായി കൂടിയാണ് ‘മണിച്ചിത്രത്താഴ്’ ആഘോഷിക്കപ്പെടുന്നത്. ചിത്രത്തിലെ ഓരോ രംഗവും ഡയലോഗും ഗാനങ്ങളും എല്ലാം സിനിമാസ്വാദകര്ക്ക് മനപ്പാഠമാണ്. അതുകൊണ്ടു തന്നെയാവാം ‘മണിച്ചിത്രത്താഴി’നെക്കറിച്ചുള്ള എന്തും കൗതുകത്തോടെ മാത്രം പ്രേക്ഷകർ നിരീക്ഷിക്കുന്നതും.
‘വിടമാട്ടേൻ’ എന്ന ഡയലോഗ് മലയാളികളുടെ നിത്യ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയത് ‘മണിച്ചിത്രത്താഴിന്’ ശേഷമാണ്. ഇപ്പോഴിതാ ഒരു കിടിലൻ എഡിറ്റഡ് വീഡിയോയുമായി അജ്മൽ ബാബു എത്തിയിരിക്കുന്നു. ‘മണിച്ചിത്രത്താഴിലെ’ ‘അല്ലിക്ക് ആഭരണം എടുക്കാൻ പോകുന്ന’ ഡയലോഗും, റസലർ ബിഗ്ഷോയുടെ വീഡിയോയും ചേർത്താണ് ഇത് ഒരുക്കിയിരിക്കുന്നത്. ‘എഡിറ്റിങ് സിംഹമേ’ എന്ന് ആരായാലും വിളിച്ചു പോകും. അത്രയ്ക്ക് പെർഫെക്ഷൻ.
വീഡിയോ വൻ ഹിറ്റാവുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ഇപ്പോൾ ഇതാണ് ആളുകളെ ചിരിപ്പിക്കുന്നത്.
1993 ലാണ് ‘മണിച്ചിത്രത്താഴ്’ പ്രദർശനത്തിനെത്തിയത്. സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ചിത്രം ഭ്രാന്ത്/ മാനസിക വിഭ്രാന്തികൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിവൃത്തമായി സ്വീകരിച്ചത്. ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.
ഫാസിലിനെക്കൂടാതെ പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ്, ലാൽ തുടങ്ങിയ സംവിധായകർ അടങ്ങിയ സെക്കൻഡ് യൂണിറ്റ് ഡയറക്ടേഴ്സും ചിത്രത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. അഞ്ചോളം സംവിധായകരുടെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയ ചിത്രമെന്ന വിശേഷണവും ‘മണിച്ചിത്രത്താഴി’നു സ്വന്തം. ‘മണിച്ചിത്രത്താഴ്’ വിജയമായതോടെ വർഷങ്ങൾക്കു ശേഷം കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രത്തിന് റീമേക്കുകൾ ഉണ്ടായി.
Read More: സണ്ണി കുട്ടൻ എവിടെ? മോഹൻലാൽ ഇല്ലാത്ത ‘മണിച്ചിത്രത്താഴ്’ ചിത്രത്തിനെ ട്രോളി ആരാധകർ