കന്നഡ താരം രക്ഷിത് ഷെട്ടിയെയും ഒരു നായക്കുട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ കെ കിരണ്‍രാജ് ആദ്യമായി സംവിധാനം ചെയ്ത ‘777 ചാര്‍ലി’ എന്ന ചിത്രം നിറഞ്ഞ മനസോടെ സ്വീകരിച്ചിരിക്കുകയാണു പ്രേക്ഷകര്‍. പരുക്കനായ ധര്‍മയെന്ന യുവാവും ചാര്‍ലി എന്ന നായക്കുട്ടിയും തമ്മിലുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയാണു ചിത്രം പറയുന്നത്.
എല്ലായിടത്തും മികച്ച പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരിക്കുന്ന ഫീല്‍ ഗുഡ് സിനിമയാണു ‘777 ചാര്‍ലി’. മറ്റൊരു മനുഷ്യരോടും യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന ധര്‍മയ്ക്ക് ചാര്‍ലി ആദ്യം പൊല്ലാപ്പായാണു തോന്നുന്നത്. എന്നാല്‍ തനിക്ക് ലഭിക്കാത്ത സ്‌നേഹവും കരുതലും ചാര്‍ലിയില്‍ കാണാന്‍ തുടങ്ങിയ ധര്‍മ പതിയെ അതിനെ പതിയെ സ്‌നേഹിക്കുകയാണ്.
ധര്‍മയുടെ കാര്യത്തിലെന്ന പോലെ സിനിമ കണ്ട ഓരോരുത്തരുടെയും ഹൃദയത്തിലേക്കാണു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ചാര്‍ലി കുടിയേറി പാര്‍ത്തിരിക്കുന്നത്. അത്തരമൊരു വാര്‍ത്തയാണു കര്‍ണാടകയിലെ മംഗലാപുരത്തുനിന്ന് വന്നിരിക്കുന്നത്. സേനയിലേക്കു പുതുതായി റിക്രൂട്ട് ചെയ്ത നായയ്ക്കു ചാര്‍ലി എന്ന് പേര് നല്‍കിയിരിക്കുകയാണു മംഗലാപുരം സിറ്റി പൊലീസ്.

മൂന്നു മാസം പ്രായമുള്ള നായക്കുട്ടിക്കു പ്രത്യേകം നടത്തിയ ചടങ്ങിലാണു ചാര്‍ലിയെന്ന പേരിട്ടത്. പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ വെള്ളിയാഴ്ച നടന്ന പേരിടല്‍ ചടങ്ങില്‍ കേക്ക് മുറിച്ച് ഉദ്യോഗസ്ഥര്‍ ചാര്‍ലിക്കു നല്‍കി.
നായയെ കൈകാര്യം ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സിനിമ കണ്ടശേഷമാണ് ഈ പേര് നിര്‍ദേശിച്ചത്. ഉദ്യോഗസ്ഥര്‍ ചാര്‍ലിയെന്ന പേര് നിര്‍ദേശിച്ചപ്പോള്‍ യോജിച്ചതാണെന്ന് തോന്നിയതോടെ അംഗീകരിക്കുകയായിരുന്നുവെന്നു സിറ്റി പോലീസ് കമ്മിഷണര്‍ എന്‍ ശശി കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”ഒരു വളര്‍ത്തുനായയും അതിന്റെ ഉടമയും തമ്മിലുള്ള ബന്ധം സിനിമ നന്നായി ചിത്രീകരിച്ചിരിക്കുന്നു. അത്തരമൊരു ബന്ധം ഒരു നായയും അതിനെ കൈകാര്യം ചെയ്യുന്നയാളും തമ്മില്‍ എപ്പോഴും കാണപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

20,000 രൂപയ്ക്ക് ബണ്ട്വാളില്‍നിന്ന് അടുത്തിടെയാണ് ചാര്‍ലിയെ പൊലീസ് വാങ്ങിയത്. ആറ് മാസത്തെ അടിസ്ഥാന പരിശീലനത്തിനായി ഇനി ബെംഗളൂരുവിലേക്ക് അയയ്ക്കും.
സ്‌ഫോടകവസ്തുക്കളും മയക്കുമരുന്നും ഉള്‍പ്പെടെയുള്ളവയും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ ലക്ഷ്യമിട്ട് മംഗളുരു സിറ്റി പൊലീസ് കമ്മിഷണറേറ്റ് റിക്രൂട്ട് ചെയ്ത അഞ്ചാമത്തെ നായയാണു ചാര്‍ലി. ഒരു ദിവസം 300 രൂപ വീതമാണു ഓരോ നായയ്ക്കും ഭക്ഷണത്തിനായി പൊലീസ് ചെലവഴിക്കുന്നത്. ഭക്ഷണ ചാര്‍ട്ട് കര്‍ശനമായി പാലിക്കുന്നു. 1300 രൂപ വാര്‍ഷിക പ്രീമിയം അടച്ചാണ് ഓരോ നായയും ഇന്‍ഷുര്‍ ചെയ്യുന്നത്.
Also Read: ‘അണ്ടിപ്പിള്ളിക്കാവിലെ മൈക്കിൾ ജാക്സൺ’; കിടിലം ഡാന്‍സുമായി ബിജുക്കുട്ടനും മകളും