ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ നഷ്ടമായ പഴ്സ് യുവാവിന് ദിവസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു. ഗുര്‍പ്രീത് സിങ് എന്ന 24കാരനാണ് താന്‍ ഭാഗ്യവാനാണെന്ന് തിരിച്ചറിഞ്ഞത്. മാര്‍ച്ച് 15നാണ് അദ്ദേഹത്തിന് പഴ്സ് നഷ്ടമായത്. തുടര്‍ന്ന് 11 ദിവസത്തിന് ശേഷമാണ് പഴ്സും രേഖകളും പണവും തിരികെ ലഭിച്ചത്. അദ്ദേഹം ഇത് സംബന്ധിച്ച് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റും വൈറലായി മാറി.
സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും ലാജ്പത് നഗറിലേക്കുളള യാത്രാമധ്യേയാണ് ഗുര്‍പ്രീതിന് പഴ്സ് നഷ്ടമായത്. ലാജ്പതില് എത്തിയപ്പോള്‍ മാത്രമാണ് പഴ്സ് നഷ്ടമായ കാര്യം അദ്ദേഹം തിരിച്ചറിഞ്ഞത്. അദ്ദേഹം ഉടന്‍ തന്നെ മെട്രോ സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് മെട്രോ അധികൃതര്‍ വണ്ടിയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്കി പരിശോധന നടത്തി. വണ്ടി സരിത വിഹാറില്‍ വച്ച് പരിശോധിച്ചെങ്കിലും പഴ്സ് കണ്ടെത്താനായില്ല. തുടര്‍ന്ന് അദ്ദേഹം തിരിച്ചറിയല്‍ രേഖകളുടെ പതിപ്പിന് അപേക്ഷിക്കാന്‍ നില്‍ക്കെയാണ് മാര്‍ച്ച് 26ന് തപാല്‍ വഴി ഒരു പാഴ്സല്‍ ലഭിച്ചത്.
അതില്‍ നഷ്ടമായ പഴ്സും ഒരു കത്തും ആണ് ഉണ്ടായിരുന്നത്. നോയിഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് മെഹ്ത എന്നയാളാണ് പാഴ്സല്‍ അയച്ചത്. മെട്രോയില്‍ ഗുര്‍പ്രീത് യാത്ര ചെയ്ത അതേ സീറ്റില്‍ യാത്ര ചെയ്ത ആളായിരുന്നു അദ്ദേഹം. ‘ഡല്‍ഹി മെട്രോയില്‍ നിന്നാണ് നിങ്ങളുടെ പഴ്സ് ലഭിച്ചത്. ഈ കത്തിനൊപ്പം പഴ്സും അയക്കുന്നു. സഹോദരാ, അടുത്ത തവണ പഴ്സ് നന്നായി സൂക്ഷിക്കണം’, പുഞ്ചിരിക്കുന്ന ഒരു സ്മൈലിക്കൊപ്പം ഇതായിരുന്നു കത്തിലുണ്ടായിരുന്ന വാചകം.
ഗുര്‍പ്രീത് ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിന് നന്ദി അറിയിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതിന് നിരവധി ലൈക്കുകളും കമന്റുകളും ഷെയറുകളും ലഭിച്ചു. സിദ്ധാര്‍ത്ഥ് മെഹ്തയെ പുകഴ്ത്തിയും നിരവധി പേര് രംഗത്തെത്തി. ഇരുവരും നാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.