വേനൽകാലത്തെ തുടർന്നുള്ള കടുത്ത ചൂടിൽ വലയുകയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ളവർ. ഇതിൽ ഇന്ത്യയുടെ വടക്ക്കിഴക്കേ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 40 ഡിഗ്രി സെൽഷ്യസിലെത്തിയിരിക്കുകയാണ് ചൂടിന്റെ അളവ്. ഏപ്രിൽ 17 മുതൽ സ്ക്കൂൾ, കോളേജ്, സർവകലാശാല തുടങ്ങി സ്ഥാപനങ്ങൾക്ക് സർക്കാർ അവധിയും പ്രഖ്യാപിച്ചു.
കടുത്ത ചൂടായതു കൊണ്ടു തന്നെ വീടുകളിൽ നിന്ന് പുറത്തിറങ്ങാനും പലരും ബുദ്ധിമുട്ടുകയാണ്. എത്ര ചൂടാണ് പുറത്തെന്ന് വ്യക്തമാക്കാനായി വീട്ടിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ബംഗാൾ സ്വദേശിയായ യുവാവ്. എണ്ണയോ ഗ്യാസോ ഇല്ലാതെ വീട്ടിലെ ടെറസിൽ ഇരുന്ന് ഒരു ഓംലെറ്റ് തയ്യാറാക്കുകയാണ് ചെയ്തത്. പുച്ചു ബാബു എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഈ പരീക്ഷണ വീഡിയോ പങ്കുവച്ചിട്ടുമുണ്ട്.
സോസ് പാനിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാം. വെയിലുള്ള ടെറസിലിരുന്നാണ് പരീക്ഷണം നടത്തുന്നത്. പാൻ കറുത്ത നിറമായതു കൊണ്ട് ചൂട് പെട്ടെന്ന് വലിച്ചെടുമെന്നും എണ്ണം ഉപയോഗിക്കാതെ മുട്ട് പൊരിക്കാൻ പറ്റുമോയെന്ന് അറിയണമെന്നും യുവാവ് വീഡിയോയിൽ പറയുന്നു. മുട്ട പാനിൽ ഒഴിക്കുമ്പോൾ തന്നെ ചൂട് കാരണം അത് വെന്തുവരുന്നത് കാണാനാകും.
മുട്ടയിൽ ഒന്നും ചേർക്കാതെ തന്നെ അത് കൃത്യമായി പാകം ചെയ്യുകയാണ്. തയാറാക്കിയതിനു ശേഷം മുട്ട അയാൾ രുചിച്ചും നോക്കുന്നുണ്ട്. ഏപ്രിൽ 9 ന് പങ്കുവച്ച വീഡിയോ 17 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.