കായികമത്സരങ്ങളില്‍ സെക്കന്‍ഡുകള്‍ കൊണ്ടായിരിക്കും ഫലങ്ങള്‍ മാറിമറിയുക. ആവേശകരമായ മുന്നേറ്റങ്ങള്‍ തത്സമയം കണ്ടില്ലെങ്കില്‍ കായികപ്രേമികളുടെ മനസ് മുറിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു കൊച്ചുകുട്ടിയെ പരിപാലിക്കുന്നത് വെല്ലുവിളി നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ ഇതെങ്ങനെ സാധ്യമാക്കാമെന്നു കാണിച്ചുതരികയാണു സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.
ട്വിറ്റര്‍ ഉപയോക്താവായ ജോഗ ബോണിറ്റോ (@ufcfooty)യാണ് ഈ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ നിന്നുകൊണ്ട് കളിയില്‍ മുഴുകിയിരിക്കുന്നതാണു തീയതിയില്ലാത്ത വീഡിയോയില്‍ കാണുന്നത്. യുവാവ് ഒരു കൈയില്‍ ആപ്പിള്‍ പിടിച്ചിരിക്കുന്നതും മറുകൈ പുറകില്‍ വച്ചിരിക്കുന്നതും കാണാം.
പുറകിലേക്കു പിടിച്ചിരിക്കുന്ന കയ്യില്‍ മൊബൈല്‍ ഫോണുണ്ട്. മൊബൈലില്‍ കാര്‍ട്ടൂണ്‍ വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്. പുറകിൽ സീറ്റിലിരിക്കുന്ന കൊച്ചുകുട്ടിയെ കൈകാര്യം ചെയ്യുന്നതിനാണു യുവാവിന്റെ ഈ കിടിലൻ പ്രയോഗം. കാർട്ടൂൺ കണ്ടുകൊണ്ട് കുട്ടി ശാന്തനായി ഇരിക്കുന്നതും എന്തോ ഒന്ന് കുടിക്കുന്നതും വീഡിയോയിൽ കാണാം.
കളി കാണുന്നതിന്റെയും ബേബി സിറ്റിങ്ങിന്റെയും അദ്വിതീയ ബാലന്‍സ് വെളിപ്പെടുന്ന ഈ എട്ട് സെക്കന്‍ഡ് വീഡിയോ 46 ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.
‘ഫാദര്‍ ഓഫ് ദ ഇയര്‍’ എന്നാണു ചിരി സ്‌മൈലിയോടെ ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത്. ‘വളരെ മനോഹരം’ എന്ന് മറ്റൊരാളും കുറിച്ചു.
പൊതുപരിപാടികള്‍ക്കിടെ മാതാപിതാക്കളുടെ അത്ഭുതകരമായ മള്‍ട്ടിടാസ്‌കിങ് കഴിവുകള്‍ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ഏപ്രിലില്‍, ബേസ്‌ബോള്‍ ടൂര്‍ണമെന്റ് വേദിയില്‍ ഒരാള്‍ കുഞ്ഞിന് ബോട്ടില്‍ ഫീഡിങ് നടത്തുന്നതിടെ തന്നെ ഒരു കൈകൊണ്ട് ക്യാച്ച് എടുക്കുന്ന വീഡിയോ വൈറലായിരുന്നു.
യു എസിലെ സിന്‍സിനാറ്റിയില്‍ മേജര്‍ ലീഗ് ബേസ്‌ബോള്‍ ഗെയിമില്‍ സാന്‍ ഡിയാഗോ പാഡ്രെസും സിന്‍സിനാറ്റി റെഡ്സും തമ്മിലുള്ള മത്സരത്തില്‍ പന്ത് സ്റ്റാന്‍ഡിലേക്കു പറന്നപ്പോഴായിരുന്നു ഈ അതിശയകരമായ നിമിഷത്തിന്റെ പിറവി.