പ്രണയം ചിലര്‍ക്കു വേദനാജനകമായ കാര്യമാണ്. അത്തരം ആളുകളില്‍ ഒരാളാണ് ഉസീല്‍ മാര്‍ട്ടിനെസ്. അധ്യാപകനായ അദ്ദേഹം തന്റെ ദുഃഖകരമായ അനുഭവം വിവരിച്ചുകൊണ്ട് ചെയ്ത വിഡിയോ പരമ്പര സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
മെക്സിക്കോയിലെ ബജ കാലിഫോര്‍ണിയ സ്വദേശിയാണ് ഈ ഹതഭാഗ്യന്. തന്റെ മുന്‍ കാമുകിയുടെ അമ്മയ്ക്കു തന്റെ വൃക്ക ദാനം ചെയ്തത് എങ്ങനെയെന്നു ഉസീല്‍ മാര്‍ട്ടിനെസ് പറയുന്നതു വൈറലായിരുന്നു. എന്നാല്‍, തന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നതിനുപകരം കാമുകി ഉപേക്ഷിച്ചുപോയെന്നാണ് ഉസീന് പറയുന്നത്. തങ്ങള്‍ വേര്‍പിരിഞ്ഞ് ഒരു മാസത്തിനുള്ളില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിച്ചതായും ഉസീന് പറയുന്നു.
ഉസീന്റെ നഷ്ടപ്രണയകഥയില് പലരും സഹതപിച്ചു. താമസിയാതെ, അദ്ദേഹത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ”മുന്നോട്ട് നീങ്ങുക, നിങ്ങളെ അഭിനന്ദിക്കുന്ന ഉത്തമസ്ത്രീയെ കണ്ടെത്തുക,” എന്ന് വിഡിയോ കണ്ട ഒരാള്‍ കമന്റ് ചെയ്തതായി മെക്സിക്കോ ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ സങ്കടക്കഥയ്ക്കു ലഭിച്ച ഗംഭീര പ്രതികരണത്തിനു മറുപടിയായുള്ള വിഡിയോ പരമ്പരയില്‍, താന്‍ മാനസികമായും ശാരീരികമായും നന്നായിരിക്കുന്നുവെന്ന് ഉസീന് ആളുകള്‍ക്ക് ഉറപ്പുനല്‍കുന്നു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍നിന്ന് സുഖം പ്രാപിക്കുന്നതായി അദ്ദേഹം വിഡിയോയില്‍ പറയുന്നു.
കടുത്ത മാനസികവേദനയിലും മുന്‍ കാമുകിയോട് തനിക്ക് പകയില്ലെന്നാണ് ഉസീന് പറയുന്നത്. ”എനിക്ക് അവളോട് വിരോധമൊന്നുമില്ല … ഞങ്ങള്‍ സുഹൃത്തുക്കളല്ല. പക്ഷേ പരസ്പരം വെറുക്കുന്നില്ല. ടിക് ടോക്കിനുവേണ്ടി മാത്രമാണു ഞാന്‍ വീഡിയോ നിര്‍മിച്ചത്. ഇത് ഇത്ര പ്രതികരണമുണ്ടാക്കുമെന്ന് കരുതിയില്ല,” ഉസീന് പറഞ്ഞതായി മെക്സിക്കോ ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.