ബെർലിൻ: ജര്‍മ്മനിയിലെ പ്രശസ്തമായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധം. റിച്ചാര്‍ഡ് ലീച്ച് എന്നയാള്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ പിലാവു റൈസ് പാക്കറ്റിനകത്താണ് എലിയെ കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറി. ഇതിന് പിന്നാലെ കമ്പനിയെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.

റിച്ചാര്‍ഡ് പോസ്റ്റ് ചെയ്ത ട്വീറ്റ് 7,000ത്തില്‍ അധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും പതിനായിരത്തിലധികം ലൈക്ക് ലഭിക്കുകയും ചെയ്തു. ‘ഹായ് ലിഡില്‍ യുകെ, ഈ എലി എങ്ങനെയാണ് ഈ പാക്കറ്റില്‍ കയറിയതെന്ന് നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ കഴിയുമോ? ഇപ്പോള്‍ എന്റെ വീട് പാചകം ചെയ്ത എലിയെ മണക്കുന്നു. എന്റെ ഭാര്യ നിര്‍ത്താതെ ശർദ്ദിക്കുകയാണ്,’ ചിത്രത്തോടൊപ്പമാണ് റിച്ചാര്‍ഡ് ട്വീറ്റ് ചെയ്തത്.

റിച്ചാര്‍ഡിന്റെ ട്വീറ്റ് വൈറലായി മാറിയതോടെ ലിഡില്‍ കമ്പനി ക്ഷമാപണം നടത്തി രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും റിച്ചാര്‍ഡിനോട് മാപ്പ് ചോദിക്കുന്നതായും കമ്പനി വക്താവ് റിച്ചാര്‍ഡിനെ അറിയിച്ചു. എന്നാല്‍ സോഷ്യൽ മീഡിയ ഇതിനെ മറ്റൊരു തരത്തിലാണ് കൈകാര്യം ചെയ്തത്. ചിലര്‍ നടുക്കം രേഖപ്പെടുത്തി രംഗത്തെത്തിയപ്പോള്‍ മറ്റു ചിലര്‍ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്. ‘കൂടെ സലാഡ് കൂടി വെക്കാമായിരുന്നു’ എന്നാണ് ഒരു വിരുതന്‍ കമന്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ