ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകൾ അസ്വാഭാവികമായ ഒന്നല്ല. ചിലർ പ്രശ്‌നം തനിയെ പരിഹരിക്കപ്പെടും എന്ന് കരുതി അനങ്ങാതെ ഇരിക്കുമ്പോൾ, ചിലർ തങ്ങളുടെ അസ്വസ്ഥരായ പങ്കാളികളെ സന്തോഷിപ്പിക്കാനും പിണക്കം മാറ്റാനും പലതും ചെയ്ത് കൂട്ടും. ഇതാ മഹാരാഷ്ട്രയിൽ, ഒരാൾ ഒരു സിനിമാ കഥയെ അനുസ്മരിപ്പിക്കും വിധം, പിണങ്ങിപ്പോയ തന്റെ ഭാര്യയെ തിരികെ കൊണ്ടുവരാൻ മൊബൈൽ ടവറിന് മുകളിൽ കയറിയതിന്റെ വാർത്തയാണ് വൈറലാകുന്നത്.
മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. 1975-ൽ ഇറങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമ ‘ഷോലെ’യിലെ ധർമേന്ദ്രയുടെ കഥാപാത്രത്തെ പോലെ, മൊബൈൽ ഫോൺ ടവറിന് മുകളിൽ കയറിയാണ് യുവാവ് ഭീഷണി മുഴക്കിയത്. 100 അടി ഉയരമുള്ള ടവറിലേക്കാണ് ഗണപത് ബക്കൽ എന്നയാൾ വലിഞ്ഞു കയറിയത്. ഇയാൾ മദ്യപിച്ചിരുന്നു എന്നാണ് വിവരം.
ഇയാൾ വലിഞ്ഞു കയറുന്നത് കണ്ട് ആശങ്കയിലായ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ചിരുന്നു. പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്, പിണങ്ങിപോയ ഭാര്യയെ അവളുടെ സ്വന്തം വീട്ടിൽ നിന്ന്മടക്കി കൊണ്ടുവരാനാണ് തന്റെ സാഹസമെന്ന് ഇയാൾ പറഞ്ഞത്. തുടർന്ന് തർക്കങ്ങൾ ഒക്കെ പരിഹരിച്ചു ഭാര്യയെ തിരികെ കൊണ്ടുവരാമെന്ന് പൊലീസ് നൽകിയ ഉറപ്പിൽ ഇയാൾ ടവറിൽ നിന്ന് ഇറങ്ങുകയായിരുന്നു.
“അയാൾ മദ്യലഹരിയിലായിരുന്നു. നാല് മണിക്കൂറിന് ശേഷം അയാൾ ടവറിൽ നിന്ന് ഇറങ്ങി. പിന്നീട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു,” പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതേസമയം, ഇയാളുടെ ഭാര്യ തിരിച്ചെത്തിയോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഇയാളുടെ സാഹസത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ട്രോളുകളും മീമുകളുമായി നെറ്റിസൺസ് ഇത് ചർച്ചയാക്കിയിരിക്കുകയാണ്.
ഇയാൾ ഈ കാണിച്ചത് വിഡ്ഢിത്തമാണെന്നും ഇനി ഭാര്യ മടങ്ങി വരില്ലെന്നുമാണ് ചിലർ പറയുന്നത്. അതേസമയം ഇതുകൊണ്ടൊക്കെയാകും അവർ പോയതെന്നും ചിലർ പറയുന്നുണ്ട്. 2017ലും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അത് ഭാര്യ ബന്ധം വേർപ്പെടുത്തിയതിന്റെ പേരിലായിരുന്നു.