ബീജിങ്: 2015ലാണ് ചൈനക്കാരനായ യുവാവിന് യുന്നാന്‍ പ്രവിശ്യയിലെ ഒരു മലയിടുക്കില്‍ നിന്ന് ഒരു പട്ടിക്കുട്ടിയെ കിട്ടിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പട്ടിക്കുട്ടിയെ അദ്ദേഹം വീട്ടില്‍ കൊണ്ടുവന്ന് പാലും ഭക്ഷണവും നല്‍കി വളര്‍ത്തി. കറുത്ത പട്ടിക്കുട്ടി മറ്റൊരു പട്ടിക്കൊപ്പം കളിക്കുന്നതിന്റേയും ഇരുകാലില്‍ നില്‍ക്കുന്നതിന്റേയുമൊക്കെ വീഡിയോ അദ്ദേഹം പകര്‍ത്തി സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ പട്ടിക്കുട്ടി വളര്‍ന്ന് വലുതായപ്പോഴാണ് സംഗതി പന്തിയല്ലെന്ന് യുവാവിന് മനസ്സിലായത്. പട്ടിക്കുട്ടി ആണെന്ന് കരുതി വളര്‍ത്തിയത് കരടിയെ ആയിരുന്നു എന്ന് ഈയടുത്ത് മാത്രമാണ് തിരിച്ചറിഞ്ഞത്. മാസങ്ങള്‍ കൊണ്ട് മാത്രം 80 കിലോയോളമാണ് ഇത് തൂക്കം വച്ചതെന്ന് ശ്രദ്ധിച്ചപ്പോഴാണ് ഇത് പട്ടിയല്ല, കരടിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോള്‍ മാത്രമാണ് അദ്ദേഹം കരടിയെ ചങ്ങലയ്ക്കിട്ട് കൂട്ടിലാക്കിയത്. ഇത്രയും കാലം വളര്‍ത്തിയിട്ടും കരടി തന്നെയോ മറ്റുളളവരെയോ ആക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുവാവിന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന കരടിയെ വനംവകുപ്പ് അധികൃതരെത്തി കൊണ്ടുപോയി. നിലവില്‍ വനംവകുപ്പിന്റെ നിരീക്ഷണത്തിലുളള കരടിയെ താമസിയാതെ കാട്ടില്‍ വിടും.