മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അളന്നും മുറിച്ചും മറുപടി നൽകുന്ന താരമാണ് മമ്മൂട്ടി. പലപ്പോഴും മമ്മൂട്ടിയുടെ മറുപടികൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന അവതാരകരെയും മാധ്യമപ്രവർത്തകരെയും നാം കണ്ടിട്ടുണ്ട്. വിവാദമാക്കാവുന്ന ഒരു ചോദ്യത്തെ വളരെ കൂളായി ഡീൽ ചെയ്യുന്ന മമ്മൂട്ടിയെയാണ് കഴിഞ്ഞ ദിവസം കണ്ടത്.
‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലാണ് ഒരിക്കൽ കൂടി മമ്മൂട്ടി തന്റെ സ്വതസിദ്ധമായ കഴിവ് ആവർത്തിച്ചത്. കഴിഞ്ഞ ദിവസം നടൻ ശ്രീനിവാസൻ നടത്തിയ ഒരു വെളിപ്പെടുത്തലിനു വളരെ കൂളായാണ് മമ്മൂട്ടി മറുപടി നൽകിയത്.
പണ്ടൊരിക്കൽ കെെരളി ടിവിക്കായി പിണറായി വിജയന്റെ അഭിമുഖം താൻ എടുത്തിട്ടുണ്ടെന്നും അന്ന് ആ അഭിമുഖം എടുക്കാൻ മമ്മൂട്ടിയെയായിരുന്നു ആദ്യം തീരുമാനിച്ചതെന്നുമാണ് ശ്രീനിവാസൻ ഇന്നലെ വെളിപ്പെടുത്തിയത്. അതിനു പിന്നിൽ നടന്ന കാര്യങ്ങളെ കുറിച്ചും ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ച് ഇന്നത്തെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ മമ്മൂട്ടിയോട് ചോദിച്ചു. മമ്മൂട്ടിയും മാധ്യമപ്രവർത്തകരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.
മാധ്യമപ്രവർത്തകൻ: പിണറായി വിജയന്റെ ഒരു ഇന്റർവ്യു എടുക്കാൻ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്. പിന്നീട് ശ്രീനിവാസനാണ് അത് ചെയ്തത്. അന്ന് കെെരളി ടിവിയിലെ ആളുകൾ പറഞ്ഞു, മമ്മൂട്ടിയും പിണറായി വിജയനും ഒരുമിച്ച് ഇരുന്നാൽ ഒരു മസിലുപിടിത്തമായി പോകും. ചിരിക്കാത്ത പിണറായി വിജയനെയാണ് അതുവരെ ആളുകൾ കണ്ടിരുന്നത്. അതുകൊണ്ട് അഭിമുഖത്തിനു മമ്മൂട്ടിക്ക് പകരം തന്നെ ചുമതലപ്പെടുത്തി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. പിണറായി വിജയനെ ചിരിപ്പിക്കാൻ വേണ്ടി താങ്കൾ ചെയർമാനായിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശ്രീനിവാസനെ ചുമതലപ്പെടുത്തിയെന്നാണ് പറഞ്ഞത്. ശ്രീനിവാസൻ ഇതു വലിയൊരു പ്രസ്താവനയായിട്ട് പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടി: അതിനിപ്പോ ഞാൻ എന്ത് ചെയ്യണം?
മാധ്യമപ്രവർത്തകൻ: മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാൻ ഏൽപ്പിച്ചത്?
മമ്മൂട്ടി: ഞാനാണ് ചാനൽ ചെയർമാൻ, എന്നെ ആര് ഏൽപ്പിക്കാനാണ്?
മാധ്യമപ്രവർത്തകൻ: അപ്പോൾ ശ്രീനിവാസൻ പറഞ്ഞത് നുണയാണെന്നാണോ?
മമ്മൂട്ടി: നിങ്ങൾ പുള്ളിയോട് ചോദിക്ക്, ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനു എന്തും പറയാമല്ലോ!
മാധ്യമപ്രവർത്തകൻ: അപ്പോ ചെയർമാനായ താങ്കൾ പോലും അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്?
മമ്മൂട്ടി: നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? (ചിരിക്കുന്നു) ഞാനും ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്, വളരെ കാലം പണ്ടേ…
ശ്രീനിവാസൻ പറഞ്ഞത് താൻ കണ്ടിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.
Read More: ശ്രീനിവാസന് കൃത്യമായ രാഷ്ട്രീയ നിലപാടില്ല, പഴയ എബിവിപിക്കാരൻ
സെക്കൻഡ് ഷോ അനുവദിച്ച ശേഷമുള്ള ആദ്യ മലയാള സിനിമ റിലീസ് ആണ് പ്രീസ്റ്റിന്റേത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാരിയർ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകൻ.
ശ്രീനിവാസൻ പിണറായി വിജയനുമായി നടത്തിയ അഭിമുഖം
തിങ്കളാഴ്ച രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമ്പോഴാണ് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വന്റി ട്വന്റിയുമായി ചേർന്നുപ്രവർത്തിക്കാനാണ് ശ്രീനിവാസൻ തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ചാണ് ശ്രീനിവാസൻ ട്വന്റി ട്വന്റി പ്രവേശനം പ്രഖ്യാപിച്ചത്.
Read Also: ഈ മാസ്ക് അൽപ്പം സ്പെഷലാണ്; മമ്മൂട്ടിയുടെ മാസ്കിനു പിന്നാലെ ആരാധകർ