മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ച് സംസാരിച്ച നടി പാര്‍വ്വതിക്കെതിരായുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും, സംവിധായകനുമെല്ലാം പാര്‍വ്വതിയെ വിരമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. വളരെ രൂക്ഷമായി, വ്യക്തി ഹത്യ നടത്തുന്ന രീതിയിലായിരുന്നു സുജയുടെ വിമര്‍ശനം. പാര്‍വ്വതിയെ മാത്രമല്ല, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെയും അതേ ഭാഷയിലാണ് സുജ പ്രതികരിച്ചത്.

ഈ പോസ്റ്റ് ആയിരക്കണക്കിന് ആളുകളിലെത്തിയപ്പോഴും പാര്‍വ്വതി പ്രതികരിച്ചില്ല. എന്നാല്‍ തന്‍റെ ട്വിറ്റര്‍ എക്കൗണ്ടില്‍ തോമസ് മത്തായി എന്ന വ്യക്തിയുടെ ട്വീറ്റ് പാര്‍വതി പങ്കുവയ്ച്ചിട്ടുണ്ട്. ഒപ്പം തോമസിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അഭിമുഖത്തില്‍ ഹുക്ക വലിച്ച പാര്‍വ്വതിയും ആദ്യ സിനിമയില്‍ ബിയറും കഴിച്ച പുക വലിച്ച റിമയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അര്‍ഹരല്ല എന്നാണ് സുജ തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഇമ്രാന്‍ ഖാനൊപ്പമുള്ള ഹിന്ദി സിനിമയില്‍ ബഡ്ഷീറ്റ് ഉടുത്ത ഒരു രംഗം അഭിനയിച്ചുവെന്നും ‘മരിയാന്‍’ എന്ന ചിത്രത്തില്‍ ധനുഷിനെ പാര്‍വ്വതി ചുംബിച്ചുവെന്നും സുജ ആരോപിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം പാര്‍വ്വതിക്ക് കസബയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നാണ് സുജയുടെ നിരീക്ഷണം.

സുജയ്ക്ക് തോമസ് മത്തായി നല്‍കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

സുജ,

നിങ്ങളുടെ പോസ്റ്റ് എന്നെ ഞെട്ടിച്ചു കളഞ്ഞു. ഞാന്‍ മാറിയിരുന്ന് എല്ലാം വായിച്ചു പോകുന്ന ഒരാള്‍ മാത്രമാണ്. എന്നാല്‍ കസബയുമായി ബന്ധപ്പെട്ട പ്രശ്നം ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുകയായിരുന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. ഇവിടെ കാണുന്ന അജ്ഞതയും കാപട്യവുമാണ് എന്നില്‍ അറപ്പുളവാക്കുന്നത്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് ഒരു നടിക്കെതിരായി നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവര്‍ ഹുക്ക വലിച്ചു, ചെറിയ വസ്ത്രം ധരിച്ചു എന്നീ കാരണങ്ങളാല്‍ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നതെങ്ങനെ? ഇതു തെറ്റാണ്. ഈ സ്ത്രീവിരുദ്ധതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളും എന്നെ പേടിപ്പിക്കുന്നു. കാരണം ഞാന്‍ വളര്‍ന്നിരിക്കുന്നത് ഫെമിനിസം, സ്ത്രീ ലൈംഗികത എന്നിവയെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച ശക്തമായ മലയാള സിനിമകള്‍ കണ്ടാണ്.

ഇത്രയധികം അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്ന നിങ്ങള്‍ക്ക് ഫെമിനിസം എന്ന വാക്കിന്‍റെ അര്‍ത്ഥമെന്താണെന്ന് അറിയുമോ? പുരുഷന്‍മാര്‍ നഗ്‌നരായി നടക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മദ്യപിക്കുന്നുണ്ടെല്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ ചെയ്യുമ്പോള്‍ നെറ്റി ചുളിക്കുന്നു, പ്രകോപിപ്പിക്കുന്നു. ഇതിനപ്പുറം മദ്യപിക്കുന്നതും, പുകവലിക്കുന്നതും കിടപ്പറയില്‍ ഇണയെ സംതൃപ്തിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കില്‍ എത്ര മാത്രം അഭിനന്ദനങ്ങള്‍ അയാള്‍ക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങള്‍ അവരെ വിമര്‍ശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങിനെ? സിനിമയില്‍ ചുംബിക്കുന്നത് കുറ്റം പക്ഷേ സ്ത്രീവിരുദ്ധ സംഭാഷങ്ങള്‍ ഉള്ളത് ‘മഹത്തരം’ അല്ലേ? ‘വിദ്യാഭ്യാസ സമ്പന്നരായ ഈ സമൂഹത്തിന് ഇത് യോജിക്കുന്നത് തന്നെ.’

ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കി തന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. എന്തിനെന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം എന്നെയും നിങ്ങള്‍ ആരാധകര്‍ നിശബ്ദരാക്കിയതിന്. ഇതാണ് സാക്ഷര കേരളത്തിന്‍റെ (സ്ത്രീ സാക്ഷരത ഉള്‍പ്പെടെ) അവസ്ഥ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook