കേരളക്കര മൊത്തം കാത്തിരിക്കുകയാണ് ഡേവിഡ് നൈനാന്റെ വരവിനായി. ദി ഗ്രേറ്റ് ഫാദറെന്ന ചിത്രത്തിലെ മമ്മുട്ടുയുടെ കഥാപാത്രമാണ് ഡേവിഡ് നൈനാൻ. ചിത്രത്തിന്റെ ടീസറും പാട്ടുകളും പ്രേക്ഷകർക്കിടയിൽ തരംഗമായിരിക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ചിത്രത്തിന്റെ ലൊക്കേഷനിലേക്കുളള മമ്മൂട്ടിയുടെ മാസ് എൻട്രി.

കോട്ട് ധരിച്ച് കറുത്ത ഗ്ളാസും വച്ച് സ്‌റ്റൈലനായി പാന്റിന്റെ പോക്കറ്റിൽ കൈയ്യുമിട്ട് നടന്ന് പോകുന്ന മെഗാസ്റ്റാറാണ് വിഡിയോയിലുളളത്. മമ്മൂട്ടിയെ കണ്ട ഞെട്ടലിൽ സംസാരിക്കുന്ന ആരാധികമാരുടെ ശബ്‌ദവും വിഡിയോയിൽ കേൾക്കാം. അഫ്‌സൽ അൻസലാണ് ഈ വിഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സ്‌റ്റൈലിലും ലുക്കിലും വ്യത്യസ്‌ത കൊണ്ടുവരുന്ന താരമാണ് മമ്മുട്ടി. ഓരോ സിനിമയിലെ ലുക്കും പ്രേക്ഷകർക്കിടയിൽ ചർച്ചയാവാറുമുണ്ട്. ദി ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയുടെ ലുക്കിനും വൻ പ്രീതിയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നതാണീ വിഡിയോ.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേത് തന്നെയാണ്. സ്‌നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത്. തുറുപ്പുഗുലാൻ, വന്ദേമാതരം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആര്യ, ബേബി അനിഘ, മിയ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ