മാമാങ്കം സിനിമയിലെ മമ്മൂട്ടിയുടെ മേക്കോവറാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. പെണ്‍വേഷം കെട്ടിയുള്ള മമ്മൂട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ചുവന്ന പൊട്ടും നീണ്ട മുടിയുമായി സ്ത്രൈണഭാവത്തിലാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. കഴിഞ്ഞ ദിവസമാണ് മാമാങ്കത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തുവന്നത്.
ഇപ്പോഴത്തെ മമ്മൂട്ടിയുടെ പെൺലുക്കിനൊപ്പം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് മറ്റൊരു പെൺവേഷമാണ്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ ചിത്രമാണിത്. പഴയ സിനിമാ ലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽ ഫോട്ടോയാണിത്.
1983ൽ റിലീസ് ചെയ്‌ത ‘ഒന്നു ചിരിക്കൂ’ എന്ന സിനിമയിലാണ് പെൺവേഷത്തിൽ മമ്മൂട്ടി എത്തിയത്. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സ്വപ്ന, ജലജ, അടൂർഭാസി, ഉമ്മർ, സുകുമാരി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. 36 വർഷങ്ങൾക്കു മുൻപുള്ള ലുക്കും ഇപ്പോഴത്തെ ലുക്കും താരതമ്യം ചെയ്‌താണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നത്.
താടിയും മീശയും ഇല്ലായിരുന്നെങ്കിൽ ഇപ്പോഴത്തെ ലുക്ക് കൂടുതൽ നന്നായേനെ എന്ന് അഭിപ്രായമുള്ളവരുണ്ട്. അതേസമയം, മമ്മൂട്ടിയുടെ 36 വർഷങ്ങൾക്കു മുൻപുള്ള പെൺ ലുക്കിനേക്കാൾ ഇപ്പോഴത്തെ ലുക്കാണ് നല്ലതെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം
മാമാങ്കം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചു. മുന്‍പ് നവംബര്‍ 21 ന് ചിത്രം റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. റിലീസ് ഡേറ്റ് വൈകിയതിന് ആരാധകരോട് ക്ഷമ ചോദിക്കുന്നുമുണ്ട് അണിയറപ്രവര്‍ത്തകര്‍.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും. അപ്രതീക്ഷിതമായ ചില കാരണങ്ങള്‍ കൊണ്ടാണ് ചിത്രം വൈകുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ‘മാമാങ്ക’ത്തിന്റെ റിലീസിനോടനുബന്ധിച്ച് വലിയ ആഘോഷ പരിപാടികളാണ് മമ്മൂട്ടി ആരാധകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്.