മമ്മൂട്ടിയുടെ സിനിമയിലെ സ്ത്രീവിരുദ്ധ ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് ഫാന്‍സ് അസോസിയേഷന്റെ സൈബര്‍ ആക്രമണത്തിന് ഇരയായ നടി പാർവ്വതിയെ വിടാതെ ഒരുകൂട്ടം. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് അക്രമിക്കൂട്ടം യൂട്യൂബില്‍ ‘അണ്‍ലൈക്ക്’ ആഹ്വാനവുമായി എത്തിയത്. പാർവ്വതിയുടെ ഒരു ചിത്രവും വിജയിപ്പിക്കരുതെന്നും ഗാനത്തിനടക്കം അണ്‍ലൈക്ക് ചെയ്യണമെന്നും ഇവര്‍ ഫെയ്സ്ബുക്കിലൂടേയും വാട്സ്ആപ്പിലൂടേയും പ്രചരിപ്പിച്ചു.
ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാലാ പാർവ്വതി ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ മമ്മൂട്ടി ഇടപെടണമെന്ന് കാണിച്ചാണ് മാലാ പാർവ്വതി രംഗത്തെത്തിയത്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ കൂടെയിലെ ഗാനത്തിനെതിരെ നടന്ന ആഹ്വാനത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് മാലാ പാർവ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. പാര്‍വ്വതിക്കൊപ്പം നില്‍ക്കാനുളള ഹാഷ്‌ടാഗിനും തുടക്കമിട്ടിട്ടുണ്ട്.
‘പ്രിയ മമ്മൂക്ക. ഇത് താങ്കളുടെ പേരിലാണ്. പാർവ്വതി ഒരു അസാമാന്യ നടിയാണ്. അവരെ ഉപദ്രവിക്കരുത്. ഇത് ഒരു കൊച്ചു സ്ഥലമാണ്. പരസ്പരം സ്നേഹമായി നമുക്ക് പ്രവർത്തിക്കാൻ പറ്റണം. ഇവിടെ ഒരു # തുടങ്ങുന്നു. #Standwithparvathi. ഇത് ഞാൻ അറിയുന്ന മമ്മൂക്ക ഏറ്റെടുക്കും എന്ന് കരുതുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ.. പാർവതിയ്‌ക്കൊപ്പം നിൽക്കണം’, മാലാ പാർവ്വതി ആവശ്യപ്പെട്ടു.
ഇന്ന് പുറത്തിറങ്ങിയ ഗാനത്തിനെതിരെ അണ്‍ലൈക്ക് ആഹ്വാനം നടന്നതോടെ ആയിരത്തിലധികം അണ്‍ലൈക്കുകളാണ് നിലവില്‍ ഗാനത്തിനുളളത്. 3500ഓളം ലൈക്കുകള്‍ മാത്രമാണ് മനോഹരദൃശ്യങ്ങളോട് കൂടിയുളള കാര്‍ത്തിക് പാടിയ ഗാനത്തിനുളളത്. റോഷ്‌നി ദിനകർ സംവിധാനം ചെയ്ത പാർവ്വതി-പൃഥ്വിരാജ് ചിത്രമായ മൈ സ്റ്റോറിക്കെതിരേയും മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ഗാനത്തിനും ചിത്രത്തിനും എതിരെ വ്യാപകമായ രീതിയില്‍ ക്യാംപെയിനിങ് നടക്കുകയും ചെയ്തു. കഴിഞ്ഞയാഴ്‌ച സിനിമയിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊള്ളില്ലെന്ന അഭിപ്രായമാണ് ഇവര്‍ പറഞ്ഞത്. തിയേറ്ററില്‍ ഈ ചിത്രത്തെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പ്രചാരണമുണ്ടായിരുന്നു. തങ്ങളല്ല പാര്‍വതിക്കെതിരായ പ്രചാരത്തിന് പിന്നിലെന്ന് മമ്മൂട്ടി ഫാന്‍സ് അറിയിക്കുന്നുണ്ട്. എന്നാല്‍ ആരാധകര്‍ സോഷ്യൽ മീഡിയയില്‍ തെറിവിളികളും അക്രമവുമായി എത്തിയപ്പോഴൊന്നും മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ പൃഥ്വിരാജിനോടും പാർവ്വതിയോടുമുള്ള ദേഷ്യം ‘മൈ സ്‌റ്റോറി’യോട് തീർക്കുന്നുവെന്ന് സംവിധായക റോഷ്‌നി ദിനകർ ആരോപിക്കുകയും ചെയ്തു. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്‌തത്. കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു. ‘മൈ സ്റ്റോറി’ക്കെതിരെ ആസൂത്രിതമായ ഓൺലൈൻ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കൾ സിനിമയുടെ പ്രചാരണത്തിൽ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതൽ സൈബർ ആക്രമണം തുടങ്ങി. ‘ഞാൻ സ്ത്രീയായിട്ടും ഈ പ്രശ്നത്തിൽ സഹായിക്കാൻ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികൾക്ക് പൃഥ്വിരാജും പാർവതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടിയതോടെ ആരാധക സംഘത്തിന്റെ കണ്ണിലെ കരടായും പാർവ്വതി മാറി. ഇതോടെ പാർവ്വതിയുടെ ചിത്രങ്ങള്‍ തിയേറ്ററില്‍ പരാജയപ്പെടുത്തുക എന്നത് ഫാന്‍സ് സംഘകളുടെ മുഖ്യ അജണ്ടയായി മാറുകയും ചെയ്തു.