scorecardresearch
Latest News

കല്യാണം തീരുമാനിച്ചത് മാമാങ്കത്തിന്റെ റിലീസ് ദിവസം; പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് യുവാവ്

മാമാങ്കം സിനിമയുടെ റിലീസ് ദിവസമായ നവംബര്‍ 21 ന് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ മെയ്മോൻ സമ്മതിച്ചില്ല

കല്യാണം തീരുമാനിച്ചത് മാമാങ്കത്തിന്റെ റിലീസ് ദിവസം; പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞ് യുവാവ്

മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിനൊരുങ്ങുകയാണ്. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 50 കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ആരാധകരും തയ്യാറെടുത്തു കഴിഞ്ഞു. അതിനിടയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് കടുത്ത മമ്മൂട്ടി ആരാധകനായ മെയ്മോൻ സുരേഷ്.

മാമാങ്കം സിനിമയുടെ റിലീസ് ദിവസമായ നവംബര്‍ 21 നാണ് മെയ്മോന്റെ വിവാഹം തീരുമാനിച്ചത്. എന്നാൽ മെയ്മോൻ അതിന് സമ്മതിച്ചില്ല. അന്ന് മാമാങ്കം റിലീസായതിനാൽ വിവാഹ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാർ സമ്മതം മൂളിയതോടെ വിവാഹം നേരത്തെയാക്കി. ഒക്ടോബര്‍ 30 ന് (ഇന്നലെ) മെയ്‌മോന്‍ വിവാഹിതനായി. മെയ്‌മോന്റെ വിവാഹ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Read Also: ഇതെല്ലാം ഞങ്ങളുടെ നാട്ടിലെ മഹത് വചനങ്ങളാണ് സായിപ്പേ; ചിരിയുണർത്തി രമേഷ് പിഷാരടി

Read Also: ചാന്‍സ് ചോദിച്ചുവന്ന മെലിഞ്ഞ നീണ്ട ചെക്കന്‍; മഹാനടന്റെ അത്യപൂര്‍വ ചിത്രം

വള്ളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ‘മാമാങ്കം’. 12 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്.

നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിർമാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യ ഫിലംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ‘മാമാങ്കം’ നിർമിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിർമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ‘മാമാങ്കം’ മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യും.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mammootty fan postponed marriage date for maamankam release