പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. ലോക്ക്ഡൗണിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ഷൂട്ടിങ്ങിനെത്തുന്നത്. കഴിഞ്ഞ പത്ത് മാസം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വീട്ടിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു താരം.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വൺ’ എന്ന സിനിമയുടെ ലൊക്കേഷനിലേക്കാണ് മമ്മൂട്ടി ഇന്ന് എത്തിയത്. ചിത്രത്തിന്റെ വലിയൊരു ശതമാനം ഷൂട്ടിങ്ങും കോവിഡ് പ്രതിസന്ധിക്ക് മുൻപ് തീർത്തിരുന്നു. ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ടിങ്ങാണ് ഇനി നടക്കാനുള്ളത്. മമ്മൂട്ടിയുള്ള രംഗങ്ങൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഇന്ന് ഷൂട്ടിങ്ങിനായി മമ്മൂട്ടി എത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിട്ടുണ്ട്. സ്വന്തം റേഞ്ച് റോവര്‍ സ്വയം ഡ്രൈവ് ചെയ്താണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് എത്തിയത്. കോവിഡ് കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. അതേ രൂപത്തിലാണ് ‘വൺ’ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തിയത്. പോണിടെയ്ൽ കെട്ടി സ്റ്റെെലിഷ് ആയാണ് മമ്മൂട്ടി വന്നിറങ്ങുന്നത്.
വണ്ണിൽ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുന്നത്. കടയ്ക്കൽ രാമചന്ദ്രൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോബി-സഞ്ജയ് ആണ് തിരക്കഥ. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി.ആര് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, ബാലചന്ദ്രമേനോൻ, ശങ്കർ രാമകൃഷ്ണൻ, സലിംകുമാർ, സുരേഷ് കൃഷ്ണ, ഗായത്രി അരുൺ, അലൻസിയർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാര്‍ച്ച് 11ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.
മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’ എന്ന ചിത്രമാണ് ഉടൻ തിയറ്ററുകളിലെത്തുക. മമ്മൂട്ടിയും മഞ്ജു വാര്യറും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത പ്രീസ്റ്റിനുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനു മുൻപായി അമൽ നീരദിനൊപ്പം മറ്റൊരു ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.