മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 69-ാം ജന്മദിനമായിരുന്നു ഇന്നലെ. സിനിമ ലോകവും ആരാധകരും ചേർന്ന് പ്രിയ താരത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കി. ഇതുവരെയുള്ള ജന്മദിനാഘോഷങ്ങൾ പോലെയായിരുന്നില്ല ഇത്തവണത്തേത്.
കുടുംബത്തോടൊപ്പമാണ് ജന്മദിനം മമ്മൂട്ടി ചെലവഴിച്ചത്. കോവിഡ് മഹാമാരി കാരണം സിനിമ ഷൂട്ടിങ്ങുകളെല്ലാം മുടങ്ങിയിരിക്കുകയാണ്. ഏറെ നാളായി കൊച്ചിയിലെ വീട്ടിൽ തന്നെയാണ് താരം. അതുകൊണ്ട് തന്നെ ഇത്തവണത്തെ ജന്മദിനാഘോഷം മമ്മൂട്ടിക്കും കുടുംബത്തിനും ഏറെ പ്രത്യേകതകളുള്ളതായിരുന്നു.
Read Also: പിറന്നാളിന് വിളിക്കാത്തതിൽ മമ്മൂട്ടിയോട് പിണങ്ങിയ ആ കുറുമ്പി പെരിന്തൽമണ്ണയിലുണ്ട്
മമ്മൂട്ടി ജന്മദിന കേക്ക് മുറിക്കുന്ന ചിത്രം ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ കേക്കും സുന്ദരൻ! ഈ കേക്ക് മമ്മൂട്ടിക്ക് സമ്മാനിച്ചത് മകൾ സുറുമിയാണ്. വാപ്പിച്ചിക്ക് വേണ്ടി സ്‌പെഷ്യൽ കേക്ക് സമ്മാനിക്കുകയായിരുന്നു സുറുമി.
നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി ഇന്നലെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. “ഈ കേക്ക് നിങ്ങളുമായി പങ്കുവയ്‌ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.
കൊച്ചിയിലെ ‘Indulgence’ എന്ന കേക്ക് ബേക്കേഴ്‌സാണ് സുറുമിയുടെ ആഗ്രഹപ്രകാരം ഈ കേക്ക് നിർമിച്ചത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയതെന്നും ‘Indulgence’ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. പഴങ്ങളും ചെടികളും കൊണ്ടാണ് കേക്ക് ഡെക്കറേറ്റ് ചെയ്‌തിരിക്കുന്നത്. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. പഴങ്ങൾ കൃഷി ചെയ്യാൻ അതീവ തൽപരനാണ് മമ്മൂട്ടി.
മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിക്ക് ജന്മദിനാശംസകൾ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ പ്രമുഖരും മമ്മൂട്ടിക്ക് ജന്മദിനാശംകൾ നേർന്നു. മകനും നടനുമായ ദുൽഖർ സൽമാൻ മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചുള്ള ചിത്രവും ഇൻസ്റ്റഗ്രാം പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read Also: 74 വയസ്സുള്ള സാറെങ്ങനെ 69 വയസുകാരനായ മമ്മൂട്ടിയുടെ അധ്യാപകനാവും?
“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യൻ. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവൻ. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവൻ. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾക്കെല്ലാവർക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം… നിങ്ങൾ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ… ഞങ്ങൾ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.” മമ്മൂട്ടിക്ക് ജന്മദിന മുത്തം നൽകുന്ന ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചു.