കൊച്ചി: പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചി മലയില്‍ രണ്ട് ദിവസം ആഹാരം പോലും ലഭിക്കാതെ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവാണ് ബാബു. വനത്തിന്റെ ഭീകരതയ്ക്ക് നടുവില്‍ രണ്ട് രാത്രി ഭയപ്പാടില്ലാതെ അതിജീവിച്ച ബാബു ചികിത്സയൊക്കെ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. യാത്രകള്‍ തുടരുമെന്ന പ്രഖ്യാപനവും ബാബു നടത്തിയിട്ടുണ്ട്.
അഭിനന്ദനങ്ങള്‍കൊണ്ടും ആശംസകള്‍കൊണ്ടും മൂടപ്പെട്ട ബാബുവിന് നേപ്പാളില്‍ നിന്നൊരു വിളി വന്നിരിക്കുകയാണ്. വെറുതെ നേപ്പാള്‍ സന്ദര്‍ശനത്തിനല്ല. ഏതൊരു സഞ്ചാരിയേയും കൊതിപ്പിക്കുന്ന എവറസ്റ്റ് കീഴടക്കാനാണ്. ക്ഷണിച്ചിരിക്കുന്നത് നേപ്പാളില്‍ 13 വര്‍ഷമായി താമസിക്കുന്ന മലയാളിയായ ബോബി ആന്റണിയും
ബാബുവിന് എവറസ്റ്റ് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടെങ്കില്‍ നേപ്പാളിലേക്ക് വരണം, തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ എല്ലാം ചെയ്യാമെന്നും ബോബി വിഡീയോയില്‍ പറയുന്നു. തന്നെ ബന്ധപ്പെടാനുള്ള എല്ലാ വിവരങ്ങളും നല്‍കിയാണ് ബോബി വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ട് ദിവസത്തോളം മലയിടുക്കില്‍ ഒറ്റയ്ക്ക് കഴിഞ്ഞ ബാബുവിനെ സൈന്യത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ഹൈലികോപ്റ്ററില്‍ എയര്‍ലിഫ്റ്റ് ചെയ്തായിരുന്നു ബാബുവിനെ കഞ്ചിക്കോട് എത്തിച്ചത്. പിന്നാലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടം ഇങ്ങനെ
തിങ്കളാഴ്ചയാണ് സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു. സുഹൃത്തുക്കൾ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് ഇവര്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
Also Read: ‘ഇനിയൊന്ന് വിശ്രമിക്കണം, യാത്രകള്‍ തുടരും’; ബാബു വീട്ടിലെത്തി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മാതാവ്