scorecardresearch
Latest News

‘ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ’; അങ്കമാലി ഡയറീസിന്റെ ‘വിഷം ചേര്‍ത്ത നിരൂപണത്തിനെതിരെ’ വ്യാപക പ്രതിഷേധം

പള്ളി സീനുകൾ, പള്ളി പശ്ചാത്തലത്തിൽ വരുന്ന സീനുകൾ കുർബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റർ, കരോൾ, പ്രദക്ഷിണം, സർവത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോൾ ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും- രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍

‘ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ’; അങ്കമാലി ഡയറീസിന്റെ ‘വിഷം ചേര്‍ത്ത നിരൂപണത്തിനെതിരെ’ വ്യാപക പ്രതിഷേധം

കൊച്ചി: മികച്ച അഭിപ്രായവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ലിജോ ജോസ് പല്ലിശേരി ചിത്രം അങ്കമാലി ഡയറീസ് ക്രൈസ്തവ പ്രകീര്‍ത്തനത്തിനുവേണ്ടി ഉണ്ടാക്കിയതാണെന്ന കണ്ടുപിടുത്തവുമായി ജനം ടിവിയുടെ നിരൂപണം. ‘അങ്കമാലിയിലെ പ്രധാനമന്ത്രിമാര്‍’ എന്ന തലക്കെട്ടില്‍ ജനംടിവി വെബ്‌സൈറ്റില്‍ നല്‍കിയ റിവ്യൂവിലാണ് വര്‍ഗീയപരമായ കണ്ടുപിടിത്തങ്ങളോടെ നിരൂപണം നടത്തിയിരിക്കുന്നത്. രഞ്ജിത്ത് ജി കാഞ്ഞിരത്തില്‍ എന്നയാളാണ് റിവ്യു തയ്യാറാക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഇയാളുടെ ഫെയ്സ്ബുക്ക് പേജില്‍ ജനങ്ങള്‍ പൊങ്കാല ആരംഭിക്കുകയും ചെയ്തു.

തുടക്കംമുതല്‍ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത എന്നാണ് രഞ്ജിത്ത് ജി. കാഞ്ഞിരത്തിലിന്റെ കണ്ടെത്തല്‍. കേവലമൊരു ചെറുകിട നഗരത്തിലെ ഒരു കൂട്ടം അരാജക വാദികളുടെ ജീവിതവും സ്വാഭാവിക അന്ത്യങ്ങളും ഫ്രഞ്ച് വിപ്ലവം പോലെ മഹത്താക്കി ചിത്രീകരിച്ചിരിക്കുകയാണ് അങ്കമാലി ഡയറീസ് എന്ന കട്ട ലോക്കൽ പടം. കേരളത്തിൽ ചരിത്രപരമായോ സാമൂഹിക സാംസ്കാരിക പരമായോ എടുത്ത് പറയത്തക്ക എന്തെങ്കിലും പ്രത്യേകത അങ്കമാലി എന്ന ചെറുകിട പട്ടണത്തിനുണ്ടോയെന്നും ലേഖകന്‍ ചോദിക്കുന്നു.

ഏതൊരു ദേശത്തും കാണുന്ന പോലെ ഒരു പന്ത് കാളി ക്ലബ്.അവരെ ഹീറോകളാക്കി കരുതി വളർന്നു വരുന്ന പിള്ളേർ ,ആ വളർച്ചയിൽ സംഭവിക്കുന്ന അതിക്രമങ്ങൾ, കള്ളുകുടി, കഞ്ചാവ്, വെട്ട്, കുത്ത്, പ്രേമം, പ്രതികാരം ആകപ്പാടെ ജഗപൊഗ. ഹാജിമസ്താൻ,കരിംലാലാ, വരദരാജമുതലിയാർ, ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജൻ മുതൽപ്പേർ മുബൈയിലും മറ്റിൻഡ്യാ നഗരങ്ങളിലും അധോലകങ്ങളുണ്ടാക്കി വാണ കഥകൾ വീരാരാധനയോടെ വായിക്കുകയും കാണുകയും ചെയ്തവരാണ് നമ്മൾ മലയാളികൾ .

ആ വീരപ്രേമത്തിന്റെ അനന്തര ഫലമാണ് ഇദ്രജാലം അഭിമന്യു ആര്യൻ തുടങ്ങിയ ബോംബെ നോക്കി അധോലോക സിനിമകൾ. ഒരു കാലത്ത് ചെന്നൈയിൽ കോടമ്പാക്കത്തെ ചെട്ടിയാർമാരുടെയും ചിലഗോസായിമാരുടെയും വെപ്പാട്ടികളുടെ അടിവസ്ത്രത്തിൽ കുരുങ്ങിക്കിടന്ന മലയാള സിനിമയെ കൊച്ചിയിലേക്ക്പറിച്ചു നട്ടപോലെ മുംബൈ അധോലോകത്തെ കൊച്ചിയിൽ പുനരവതരിപ്പിക്കാനാണ് മലയാള സിനിമാ ലോകം ശ്രമിച്ചതെന്നും നിരൂപകന്‍ എഴുതുന്നു.

തുടക്കം മുതൽ ഒടുക്കം വരെയുള്ള ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത. സംവിധായകൻ ലിജോ ജോസിന്റെ മറ്റൊരു ചിത്രം ആമേൻ കൂടി ഇവിടെ സ്മരണീയമാണ്. ഇതേ ജനുസ്സിൽ ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാൻ ശ്രമിക്കുന്ന ഒരു സൃഷ്ടി. കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തിൽ പുണ്യാളൻ അവതരിക്കുന്നതാണ് രണ്ടര മണിക്കൂർ നേരത്തെ ബഹളത്തിന്റെയും ക്ളാരനെറ്റിന്റേയും കുർബാനകളുടെയും അവസാനം ആമേൻ പറഞ്ഞു വെക്കുന്നത്. വിശുദ്ധൻ എന്ന മത സങ്കല്പത്തിനെ മഹത്വ വൽക്കരിക്കുവാൻ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേനെന്നും ലേഖകന്‍ കണ്ടെത്തി. തുടര്‍ന്നാണ് ജനം ടിവി ലേഖകന്‍ അങ്കമാലിയിലേക്ക് തിരിക്കുന്നത്.

ഇവിടെ അങ്കമാലി ഡയറീസിലും സ്ഥിതി സമാനമാണ്. അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്‌ലറ്റും സർക്കാർ സ്ഥാപനങ്ങളും, ബസ് സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും എന്തിനു കാർണിവൽ പോലും കാണിച്ചു കൊണ്ടുള്ള അവതരണ ഗാനത്തിൽ ക്രിസ്ത്യൻ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്. അമ്പലങ്ങൾ അങ്കമാലിയിൽ ഇല്ലാത്തതുകൊണ്ടാണോ എന്തോ കാണിക്കാത്തതെന്നും ലേഖകന്‍ ചോദിക്കുന്നു.

ഒരെണ്ണം പോലും അതിൽ കണ്ടതായി ഓർക്കുന്നില്ല. അവിടുന്നങ്ങോട്ട് പള്ളി സീനുകൾ, പള്ളി പശ്ചാത്തലത്തിൽ വരുന്ന സീനുകൾ കുർബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റർ, കരോൾ, പ്രദക്ഷിണം, സർവത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോൾ ഈ അങ്കമാലി എന്നത് ഒരു സർവ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകുമെന്നും രഞ്ജിത്ത് കാഞ്ഞിരത്തില്‍ എന്ന ലേഖകന്‍ എഴുതുന്നു.

പുതുമുഖങ്ങളാണ് അവർ മാത്രമാണ് ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നവെടി, പുക , വെട്ട് , കുത്ത് , പ്രക്ഷിണം, കുർബാന, എന്നിവയുടെ ചെടിക്കുന്ന പ്രദര്ശനങ്ങൾക്കിടയില്‍ തനിക്ക് ആശ്വാസം നല്‍കിയതെന്നും ലേഖകന്‍ പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ചെമ്പന്‍ വിനോദിനേയും അധിക്ഷേപിച്ചാണ് ലേഖനം അവസാനിക്കുന്നത്.

ലേഖനം വിവാദമായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ട്രോളുകളിലൂടേയും തെറിവിളിയിലൂടേയു ലേഖകനും ജനം ടിവിക്കും എതിരായി നവമാധ്യമങ്ങളില്‍ പൊങ്കാല നിറയുകയാണ്. ‘നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല. നന്ദി. രഞ്ജിത്തിന് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം.’ എന്നാണ് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിയുടെ പ്രതികരണം.

നിരൂപണത്തിന്റ പൂര്‍ണരൂപം,

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Malayalam tv channel alleges communal overtones in popular film angamaly diaries