ചെന്നൈ : സിമ്പ്ലിസിറ്റിയാണ് ഒരു നടനെ മാസ് ആക്കുന്നത് എന്നത് പൊതുവെ തമിഴ് സിനിമാ ആരാധകര്‍ക്കുള്ള അഭിപ്രായമാണ്.  ഒന്നോ രണ്ടോ ചിത്രങ്ങളില്‍ നായകവേഷം ലഭിച്ചവര്‍ തുടങ്ങി സിനിമയില്‍ മുഖം കാണിച്ചു എന്നൊരുകാര്യം മാത്രം അവകാശപ്പെടുന്നവര്‍ വരെ താരജാഡകളില്‍ മുഴുകുമ്പോള്‍.  ഒരു ‘മാസ്’ മനുഷ്യനു മാത്രം പ്രാപ്യമാവുന്ന എളിമയോടെ കാണപ്പെടുന്ന  രജനീകാന്തിനെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത് ഇതുകൊണ്ടാണ്.

അത്തരത്തിലൊരു അനുഭവം തന്നെയാണ് വിജയ്‌ സേതുപതിയെക്കുറിച്ച് തമിഴില്‍ ആദ്യ സിനിമയായ ‘സിഗൈ’യുടെ റിലീസിനു ശേഷം മലയാളിയായ നടന്‍ രാജേഷ് ശര്‍മ പങ്കുവെച്ചത്. തമിഴ് സിനിമയുടെ പുതിയ വസന്തമായി മാറിക്കൊണ്ടിരിക്കുന്ന വിജയ്‌ സേതുപതി രാജേഷ് ശര്‍മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ‘വിക്രം വേദ’ എന്ന സൂപ്പര്‍ ഹിറ്റ്‌ പടം തിയേറ്ററുകളില്‍ കരഘോഷം മുഴക്കുന്നതിനിടയിലാണ്  സാക്ഷാല്‍ വിജയ്‌ സേതുപതി രാജേഷ് ശര്‍മയെ അഭിനന്ദിക്കാന്‍ വിളിച്ചത്. സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാതെ താന്‍ കടന്നുപോയ ‘കിളിരസത്തെ’ ക്കുറിച്ച് രാജേഷ് ശര്‍മ ഫെയ്സ്ബുക്കില്‍ കുറിച്ചത്:

ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു.
“സിഗൈ” എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. “ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്” കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, “വിജയ് സേതുപതി”. ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.

ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം “ബൈ” പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം “കിളിരസ”മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )

ഞാനെന്റെ മോളോടു പറഞ്ഞു, “മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു”. “വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം”. തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!

“സിഗൈ” കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം..

Read More : അതൊരു ജിന്നാണ് ബെഹന്‍! തമിഴില്‍ സേതുപതി വസന്തം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ