Latest News

ഇവിടെ ഭാവനയ്ക്ക് അതിരുകളില്ല, വൈറലായി നാലു വയസുകാരന്റെ അക്ഷരമാല

മലപ്പുറം സ്വദേശിയാണ്, കാഴ്ചക്കാരില്‍ ചിരിയും ചിന്തയും നിറയ്ക്കുന്ന ഫിദിന്‍ ഷാന്‍ എന്ന ഈ നാലു വയസുകാരന്‍

viral video, malayalam alphabets study, malayalam letters study, malayalam alphabets study viral video, malayalam letters study viral video, malayalam aksharamala viral video, fidhu, fidhus world, ie malayalam

മലപ്പുറം: ക-കലം, ഖ-നഖം, ഘ-മേഘം, ങ-മാങ്ങ, ഝ-ഝഷം, ട-കുട, ഠ-മിഠായി, ത-തത്ത, ദ-ദന്തം, ന-നരി… ഇങ്ങനെ അക്ഷരമാല വായിച്ചു പഠിച്ചവരായിരിക്കും മിക്ക കുട്ടികളും. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു കൊച്ചുമിടുക്കന്റെ വായന. അതിങ്ങനെയാണ്, ‘ഗു-കുടുക്കം, നെ-നഖം, അ-ആകാസം, മ-മാങ്ങ, ടെ-ടയര്‍, ഗോ-ഗോൾഡ് ഫിസ്, മു-മുട്ടായി, പേ-പേരറ്റ്, ചു-ചുണ്ട്, ടെ-ടെയ്ഗര്‍.’

മലപ്പുറം സ്വദേശിയാണ്, കാഴ്ചക്കാരില്‍ ചിരിയും ചിന്തയും നിറയ്ക്കുന്ന ഫിദിന്‍ ഷാന്‍ എന്ന ഈ നാലു വയസുകാരന്‍. ആര്‍ക്കിടെക്ച്വറല്‍ ഡിസൈനര്‍ കടുങ്ങോത്ത് സ്വദേശി റിയാസ് ചെറയക്കുത്തിന്റെയും ഫാസില ഹനാന്റെയും മകന്‍. ഫിദുവെന്നാണ് വിളിപ്പേര്.

ഫിദു, ഉമ്മയ്‌ക്കൊപ്പം അവരുടെ വീട്ടില്‍ പോയപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോ പിറന്നത്. മാതൃസഹോദരിയുടെ മകന്‍ പഠിക്കുന്നത് കണ്ട് അവന്റെ പുസ്തകമെടുത്ത് ഫിദു വായിക്കുകയായിരുന്നു. അത് രസകരമായി തോന്നിയതോടെ ഫാസില ഫോണില്‍ ഷൂട്ട് ചെയ്ത് അയച്ചുകൊടുത്ത വിഡിയോ റിയാസ് ഫെയ്സ്ബുക്കിലെ ഒരു ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു.

അക്ഷരമാലയിലെ ചിത്രങ്ങള്‍ നോക്കി തന്റെ ഭാവനയാണ് ഫിദു വാക്കുകളായി പറയുന്നത്. ഒട്ടും തപ്പലോ തടയലോ ഇല്ലാതെയാണു വായന. ചുറ്റും നില്‍ക്കുന്നവരില്‍ ചിരി പൊട്ടുന്നുണ്ടെങ്കിലും ഫിദുവില്‍ ഭാവമാറ്റങ്ങളേതുമില്ല. ഫെയ്‌സ്ബുക്കിലും യൂട്യൂബിലുമായി ആയിരങ്ങളാണ് ഫിദുവിന്റെ പഠനം കണ്ടത്. ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ വിഡിയോ പങ്കുവച്ചു.

Also Read: അമ്മേ, അച്ഛനെവിടെ?; താലികെട്ടുന്ന തിരക്കിൽ ചിരിവിരുന്ന് ഒരുക്കി വരൻ

ഫെയ്‌സ്ബുക്കില്‍ വീഡിയോയ്ക്കു താഴെ, ഫിദുവിന്റെ ഭാവനെയെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച് കമന്റുകള്‍ നിറയുകയാണ്. ആള് പുലിയാണെന്നും കുട്ടിയുടെ ഭാവന അപാരമാണെന്നുമാണ് മിക്കവരും പറയുന്നത്. ‘ഇത് കണ്ടാല്‍ തോന്നും അക്ഷരമാല അച്ചടിച്ചവര്‍ക്കു തെറ്റിയതാണ്’ എന്നാണ് ഒരാളുടെ കമന്റ്.

‘എഴുതിവയ്ക്കപ്പെട്ടവയുടെ പുറകേ പോയവര്‍ മാത്രമല്ല, സ്വന്തമായ അദ്ധ്വാന പരീക്ഷണങ്ങളിലൂടെ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും ഈ ലോകത്തിനു കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ടെ’ന്നാണ് മറ്റൊരാളുടെ രസകരമായ കമന്റ്.

മകന്റെ അക്ഷരമാല പഠനം ഫെയ്‌സ്ബുക്കില്‍ ഹിറ്റായതോടെ ഫിദുസ് വേള്‍ഡ് എന്ന പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുയാണ് റിയാസ്. ഇതിലൂടെയും വിഡിയോ ധാരാളം പേര്‍ കണ്ടതായി റിയാസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. വിഡിയോ കണ്ടിട്ട് വിദേശത്തുനിന്ന് ഉള്‍പ്പെടെ ധാരാളം പേര്‍ വിളിച്ചതായും റിയാസ് പറഞ്ഞു.

”സാധാരണഗതിയില്‍ ഇങ്ങനെ വായിക്കുമ്പോള്‍ നമുക്കു തന്നെ ആശയക്കുഴപ്പമുണ്ടാകും. എന്നാല്‍ ഫിദുവിന് അങ്ങനെ ഉണ്ടായില്ല. കുട്ടികള്‍ തെറ്റായി വായിച്ചതു കാരണം ചില ആളുകളൊന്നും ഇത്തരം വിഡിയോകള്‍ പോസ്റ്റ് ചെയ്യില്ല. എനിക്ക് അങ്ങനെയല്ല തോന്നിയത്, അവന്റെ ഭാവന എല്ലാവരെയും അറിയിക്കണമെന്നാണ്. കാരണം അവന്‍ മലയാളം പോലും പഠിച്ചിട്ടില്ല. വിഡിയോ ആളുകള്‍ പോസിറ്റീവ് ആയി എടുത്തതില്‍ വളരെ സന്തോഷം,” റിയാസ് പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Malappuram boy fidhin shaan alphabet learning viral video

Next Story
പത്തു കൊല്ലം മുമ്പ് തെരുവിൽ നാരങ്ങാ വെള്ളം വിറ്റു ജീവിച്ചു, ഇപ്പോൾ എസ്.ഐ; ആനി ശിവയുടെ ജീവിതം
The moderation of comments is automated and not cleared manually by malayalam.indianexpress.com