മുംബൈ: മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലേക്ക് പുറത്തുനിന്നുളള ഭക്ഷണം അനുവദിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത് ജനങ്ങള്‍. മള്‍ട്ടിപ്ലക്സില്‍ പോപ്കോണുകള്‍ ഉള്‍പ്പെടെയുളള ഉത്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പുറത്തുളള അതേ വില മാത്രമേ തിയേറ്ററുകളിലും ഈടാക്കാവൂ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിർദ്ദേശം. അതേസമയം തീരുമാനത്തെ ട്രോളുകളുമായാണ് സോഷ്യൽ മീഡിയ വരവേറ്റത്. തിയേറ്ററിലേക്ക് ഭക്ഷണവുമായി വരുന്ന കാണികളെ നിറച്ച ട്രോളുകള്‍ സോഷ്യൽ മീഡിയയില്‍ നിറഞ്ഞു.

ഓഗസ്റ്റ് 1 മുതല്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലേക്ക് പുറത്തുനിന്നുളള ഭക്ഷണം കൊണ്ടുവരാമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ അറിയിച്ചിട്ടുണ്ട്. ഫുഡ് ആന്റ് ബിവറേജസ് വിഭാഗത്തിന്റെ 25 ശതമാനം വരുമാനവും മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്നുമാണ്. പുറത്തുനിന്ന് ഭക്ഷണം കൊണ്ടുവരുന്നതോടെ ഈ മേഖലയ്ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് സാധാരണ വിലമാത്രം ഈടാക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നുണ്ട്. മുംബൈ സ്വദേശിയായ ജൈനേന്ദ്ര ബക്സി സംസ്ഥാനത്ത് തിയേറ്ററിലെ ഭക്ഷണ സ്റ്റാളുകളിലെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്‌.എം.കെംകര്‍, എം.എസ്.കര്‍ണിക് എന്നിവരുടേതാണ് ഈ ഉത്തരവ്. പരാതിക്കാരന് വേണ്ടി വാദിച്ച അഡ്വ.ആദിത്യ പ്രതാപ് സിങ്ങിന്റെ എല്ലാ വാദവും കോടതി ശരിവച്ചു.

സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണവും വെളളവും കൊണ്ടുവരാന്‍ സാധിക്കില്ലെങ്കില്‍ തിയേറ്ററിനകത്തും ഭക്ഷണവും വെളളവും വില്‍ക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. ഇതോടെ മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷനാണ് എതിര്‍ഭാഗം കക്ഷികളായിരുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ വിഷയത്തില്‍ പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്നാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്.
മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ക്കകത്ത് ഭക്ഷണവും വെളളവും വില്‍ക്കുന്നുണ്ട്. എന്നാലിത് ഉയര്‍ന്ന വിലയ്ക്കാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ”ശരിയാണ്. ഞങ്ങളും ഇത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സാധാരണ വിലയ്ക്ക് ഭക്ഷണം വില്‍ക്കണം,”കോടതി നിലപാട് വ്യക്തമാക്കി.

സുരക്ഷ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് തങ്ങള്‍ പുറത്തുനിന്നുളള വസ്തുക്കള്‍ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook