കൊച്ചി: ‘വിശക്കുന്നവന് അപ്പവും, തണുക്കുന്നവന് പുതപ്പുമാണ് ദൈവം’, അശരണരുടെ സുവിശേഷം എന്ന നോവലില്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥാപാത്രത്തിന്റെ വാക്കുകളാണിത്. മഴയും വെള്ളവും മുറിവേല്‍പ്പിച്ച കേരളത്തില്‍ എല്ലാവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമ്പോള്‍ രംഗപ്രവേശം ചെയ്ത ഒരു മധ്യപ്രദേശ് സ്വദേശിയുടെ പ്രവൃത്തിയെ ദൈവത്തിന്റെ പ്രവൃത്തിയെന്ന് പോലും വിശേഷിപ്പിക്കാന്‍ സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്നില്ല. കാരണം അയാള്‍ ‘മനുഷ്യനാണ്’.

ജലതാണ്ഡവത്തില്‍ പകച്ച ഇടുക്കിയില്‍ ചെറുതോണി പാലം സാഹസികമായി കടന്ന ദുരന്ത നിവാരണ സേനാ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ബിഹാര്‍ സ്വദേശിയായ കനയ്യകുമാറിനെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. അയാള്‍ നെഞ്ചോട് ചേര്‍ത്ത് വച്ച ആ കുഞ്ഞിനെയെന്ന പോലെ അയാളേയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു. വെള്ളം ഇരച്ചെത്തുന്നതിനും മുമ്പേ കുഞ്ഞിനേയും എടുത്ത് ആശുപത്രിയിലേക്ക് ഓടുന്ന കനയ്യയുടെ ദൃശ്യങ്ങള്‍ ഓരോ മലയാളിയുടേയും കണ്ണുനിറച്ചു.

ഇതിന് പിന്നാലെയാണ് മറ്റൊരു ഇതര സംസ്ഥാനക്കാരന്റെ പ്രവൃത്തിയെ മലയാളികള്‍ പ്രകീര്‍ത്തിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് പുതപ്പ് വില്‍പ്പനക്കാരനായ മധ്യപ്രദേശ് സ്വദേശി 50 പുതപ്പുകളാണ് നല്‍കിയത്. ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍ക്കാനെത്തിയതായിരുന്നു മധ്യപ്രദേശുകാരനായ വിഷ്ണു. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ മഴക്കെടുതിയെ കുറിച്ച് പറഞ്ഞപ്പോള്‍ വിൽക്കാൻ കൊണ്ടുവന്ന അമ്പത് കമ്പിളിപ്പുതപ്പുകളും അടുത്തുള്ള എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വിഷ്ണു നല്‍കി. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകനായ സുജിത് ചന്ദ്രന്റെ വൈകാരികമായ പോസ്റ്റ് വൈറലായി മാറി.

സുജിത് ചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നഖങ്ങളിൽ സിമന്റ് കറയുള്ള ഈ ചെറുപ്പക്കാരൻ ഒരു ബസ് യാത്രക്കിടെ എന്റെയും നിങ്ങളുടെയും അരികിൽ വന്നിരുന്നിട്ടുണ്ട്, നമ്മളവന്റെ സാന്നിദ്ധ്യത്തിൽ അസ്വസ്ഥരായിട്ടുണ്ട്. വില കുറഞ്ഞ ടിഷർട്ടും ജീൻസുമിട്ട് എച്ചിൽ ട്രോളിയും ഉന്തിവന്ന് ഇവൻ നമ്മുടെ ഹോട്ടൽമേശയുടെ പുറം തുടച്ചുതന്നിട്ടുണ്ട്, നമ്മളവനെ ഗൗനിച്ചിട്ടില്ല.

റയിൽവേ പ്ലാറ്റ്ഫോമിൽ കൂട്ടരോടൊപ്പമിരുന്ന് ഇവൻ മൊബൈൽ ഫോണിൽ ഒറിയ പാട്ടുകൾ ഉച്ചത്തിൽ വച്ചു കേൾക്കുന്നത് കണ്ടിട്ടുണ്ട്, നമ്മളാ ‘കള്ള ബംഗാളികളെ’ കടന്നുപോയിട്ടുണ്ട്.

ട്രാഫിക് സിഗ്നലിൽ വണ്ടിനിർത്തിയിടുമ്പോൾ ചില്ലുവാതിലിൽ മുട്ടിവിളിച്ച് ഒരു കീ ചെയിനോ പ്ലാസ്റ്റിക് ദേശീയ പതാകയോ വാങ്ങുമോയെന്ന് ഇവൻ കെഞ്ചിയിട്ടുണ്ട്, നമ്മളവന്റെ മുഖത്ത് നോക്കിയിട്ടില്ല.

ഇരിട്ടി താലൂക്ക് ഓഫീസില്‍ കമ്പിളി വില്‍ക്കാനെത്തിയതായിരുന്നു മധ്യപ്രദേശുകാരൻ വിഷ്ണു എന്ന ‘ബംഗാളി’. അവിടത്തെ ജീവനക്കാർ നാട്ടിലെ ദുരിതം അയാളോട് പറഞ്ഞു. വിൽക്കാൻ കൊണ്ടുവന്ന അമ്പത് കമ്പിളിപ്പുതപ്പുകളും അടുത്തുള്ള എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കു നൽകിയിട്ട് നമ്മൾ മുഖത്തു നോക്കിയിട്ടില്ലാത്ത വിഷ്ണു മടങ്ങി…

ജനറൽ കമ്പാർട്ട്മെന്റിലെ തിരക്കിന് മീതെ തൊട്ടിൽ കെട്ടി ഉറങ്ങുന്ന, വിശപ്പിന് വടാപാവ് മാത്രം തിന്നുന്ന, ഇടക്ക് പാൻ ചവച്ച് ജനാലയിലൂടെ തീവണ്ടി ജനാലയിലൂടെ നീട്ടിത്തുപ്പുന്ന ‘വൃത്തിയില്ലാത്ത’ പരദേശി കമ്പിളിക്കച്ചവടക്കാരെ യാത്രക്കിടെ കണ്ടിട്ടുണ്ട്. വന്നുപറ്റിയ നാടിന്റെ സങ്കടം കണ്ടാൽ അങ്ങനെ കെട്ടിച്ചുമന്ന് കൊണ്ടുവന്ന മുതലെല്ലാം സൗജന്യമായി കൊടുത്തിട്ടു പോകാനുള്ളത്രയും നൻമ ഏതായാലും എനിക്കില്ല. അതുകൊണ്ട് ഒരു ചെറിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയക്കുന്നു. അതെങ്കിലും ചെയ്തില്ലെങ്കിൽ ഇനിയും വിഷ്ണുവിനെ കാണുമ്പോൾ ഞാൻ കുറ്റബോധം കൊണ്ട് വല്ലാതെ കുനിഞ്ഞുപോകും.

താൽപ്പര്യമുള്ളവർക്ക് ഈ അക്കൗണ്ട് നമ്പറിലേക്ക് സംഭാവനകൾ നൽകാം.

Chief Minister’s Distress Relief Fund
A/c No : 67319948232
Bank : SBI City Branch, TVM
IFSC : SBIN0070028

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook